രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ജൂൺ 23 ന് ഇരിങ്ങാലക്കുടയിൽ ജോബ് ഫെയർ ; പങ്കെടുക്കുന്നത് ഐടി, ടൂറിസം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ നിന്നായി നാല്പതോളം കമ്പനികൾ …
ഇരിങ്ങാലക്കുട : രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ ജോബ് ഫെയർ . തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ , സെന്റ് ജോസഫ്സ് കോളേജ് എച്ച്ആർഡി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 23 രാവിലെ 9.30 ന് സെന്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ജോബ് ഫെയർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി സജയൻ , കോളേജ് പ്രിൻസിപ്പൽ ഡോ സിജി പി ഡി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിക്കും. ഐടി, ആരോഗ്യം, ടൂറിസം , ഓട്ടോമൊബൈൽ , ഇൻഷൂറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നാല്പതോളം കമ്പനികളാണ് ഫെയറിൽ പങ്കെടുക്കുന്നത്. തൊഴിൽ സംരംഭകരെയും തൊഴിൽ അന്വേഷകരെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ട് വരിക എന്ന ലക്ഷ്യമാണ് നിയുക്തി 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിനുള്ളത്. ഫെയറിൽ സൗജന്യമായി തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു. എംപ്ലോയ്മെന്റ് ഓഫീസർമാരായ ഷാജു ലോനപ്പൻ , വി എം സീനത്ത് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.