കഞ്ചാവുകേസിൽ ഒളിവിലായിരുന്ന ക്രിമിനൽ ഒരു വർഷത്തിനു ശേഷം കഞ്ചാവുമായി പിടിയിൽ;
പിടിയിലായത് ഇരുപത്തൊൻപത് കേസുകളിലെ പ്രതി കുപ്രസിദ്ധ ക്രിമിനൽ ആശാൻ സുനി …
ചാലക്കുടി: 2 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടിരക്ഷപെട്ട കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ അതിരപ്പിള്ളി കണ്ണൻകുഴി പളളിപ്പാടൻ വീട്ടിൽ ആശാൻ സുനി എന്നറിയപ്പെടുന്ന സുനീഷി(40 വയസ്)നെ ഒരു വർഷത്തിനുശേഷം ചാലക്കുടി ഡിവൈഎസ്പി ടി.എസ്.സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് അതിസാഹസീകമായി പിടികൂടി.
കഴിഞ്ഞ വർഷം മാർച്ചിൽ കൊടകര വട്ടേക്കാട് കൊടകര പോലീസിന്റെ വാഹന പരിശോധനകണ്ട് രണ്ടു കിലോ കഞ്ചാവ് സ്കൂട്ടർ സഹിതം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട സംഭവത്തിൽ ഒളിവിലായിരുന്നു സുനി.മറ്റൊരു പ്രതിയായ ചെമ്പൂച്ചിറ അഭിനന്ദിനെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഓടി രക്ഷപെട്ട സുനിയെ പിടികൂടുവാൻ
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പഴനിക്കടുത്ത് തട്ടാൻകുളമെന്ന സ്ഥലത്ത് കഞ്ചാവ് മൊത്തവിതരണക്കാരിയായായ “അക്ക ” എന്ന് വിളിപേരുള്ള മുനിയമ്മയുടെ വീട്ടിൽ താമസിക്കുന്നതായി കണ്ടെത്തി. ദിണ്ഡിഗൽ സബ് ഡിവിഷൻ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ സാന്നിധ്യം മനസിലാക്കി സുനി രക്ഷപെടുകയായിരുന്നു.
അടുത്തിടെ ഇയാൾ എറണാകുളം പുത്തൻവേലിക്കരക്കടുത്ത് താമസമാക്കിയെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരു മാസത്തോളം എളവൂർ, കുത്തിയതോട്, പാറക്കടവ് മേഖലകളിൽ പ്രത്യേകാന്വേഷണ സംഘം നടത്തിയ രഹസ്യാന്വേഷണത്തിൽ എളന്തിക്കര പാടശേഖരത്തിനോട് ചേർന്ന് സുനിയുടെ രഹസ്യതാവളം കണ്ടെത്തിപിടികൂടാൻ ശ്രമിക്കവെ ഓടി രക്ഷപെട്ട് കോയമ്പത്തൂരിലേക്കുളള യാത്രാമധ്യേ കൊടകരയിൽ വച്ച് തന്നെ അതിസാഹസീകമായി പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും സുനിയുടെ കൈവശം കഞ്ചാവ് പൊതി ഉണ്ടായിരുന്നു.
ഇയാളെ പിടികൂടിയ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.
സുനിയെ വിശദമായി ചോദ്യം ചെയ്തതിൽ പഴനിയിൽ നിന്നും വിശാഖപട്ടണത്തേക്ക് കടന്നതായും ആന്ധ്ര, ഒഡീസ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചശേഷം പുത്തൻവേലിക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നും സമ്മതിച്ചു. മുച്ചീട്ടുകളിയിലൂടെയും ലഹരിവിൽപനയിലൂടെയും ലഭിക്കുന്ന പണംകൊണ്ടാണ് ഉപജീവനം നടത്തിയിരുന്നത്.ഇരുപത്തിയൊൻപതോളം കേസുകളിൽ പ്രതിയായ സുനി രണ്ടായിരത്തി പതിനാലിൽ വ്യക്തി വൈരാഗ്യം കൊണ്ട് കണ്ണൻകുഴി സ്വദേശിയായ യുവാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ പിടിയിലായി .ജയിൽ മോചിതനായ ശേഷം കോടശ്ശേരി ചന്ദനക്കുന്നിലായിരുന്നു താമസം. അവിവാഹിതനായ സുനി ലഹരിക്കും മദ്യത്തിനും മദിരാക്ഷിക്കും വേണ്ടിയാണ് പണം ധൂർത്തടിച്ചിരുന്നത്.
വൈദ്യപരിശോധനകളും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയതിനെതുടർന്ന് സുനിയെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.