കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; കൂടുതൽ പ്രതികൾക്ക് ജപ്തി നടപടികളിൽ നിന്ന് സ്റ്റേ ; നടപടികൾ സ്വീകരിക്കാൻ മുൻ ഭരണ സമിതി അംഗത്തിന്റെ വീട്ടിൽ റവന്യൂ അധികൃതർ …

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; കൂടുതൽ പ്രതികൾക്ക് ജപ്തി നടപടികളിൽ നിന്ന് സ്റ്റേ ; നടപടികൾ സ്വീകരിക്കാൻ മുൻ ഭരണ സമിതി അംഗത്തിന്റെ വീട്ടിൽ റവന്യൂ അധികൃതർ …

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിക്കുന്ന ജപ്തി നടപടികളിൽ നിന്ന് തട്ടിപ്പിൽ ഉൾപ്പെട്ട പത്ത് പേർക്ക് സ്റ്റേ ലഭിച്ചതായി സൂചന. വി കെ ലളിതൻ , ടി ആർ സുനിൽകുമാർ , സി കെ ജിൽസ്, കെ കെ ദിവാകരൻ മാസ്റ്റർ, ജോസ് ചക്രം പുളളി , എൻ നാരായണൻ , ജിനോരാജ്, ഖാദർ ഹുസൈൻ, അനിത വിദ്യാസാഗർ, ചന്ദ്രികാ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് ഹൈക്കോടതിയിൽ നിന്ന് ജപ്തി നടപടികളിൽ നിന്ന് രണ്ട് മാസത്തേക്ക് സ്റ്റേ ലഭിച്ചതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്.മറ്റ് പ്രതികളികൾക്കും വരും ദിവസങ്ങളിൽ സ്റ്റേ ലഭിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

റിക്കവറി നടപടികൾ സ്വീകരിക്കാൻ മുൻ ഭരണ സമിതി അംഗം ജോസ് ചക്രംപുള്ളിയുടെ വീട്ടിൽ തിങ്കളാഴ്ച രാവിലെ എത്തിയ റവന്യൂ അധിക്യതർ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാതെ മടങ്ങി. രാവിലെ എട്ടരയോടെ ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ ടി ജി ശശിധരൻ , റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ മനോജ് ജി എൽ എന്നിവരുടെ നേതൃത്വത്തിലാണ് മാപ്രാണത്തുള്ള വീട്ടിൽ എത്തിയത്. സ്റ്റേ ലഭിച്ചതായി അഭിഭാഷകൻ അറിയച്ച വിവരം വീട്ടിൽ ഉണ്ടായിരുന്ന ജോസ് ചക്രം പുളളിയും കുടുംബാംഗങ്ങളും ഇവരെ അറിയിച്ചു. ഇത് സംബന്ധിച്ച് ഇവർ റവന്യൂ സംഘത്തിന് അഭിഭാഷകനിൽ നിന്ന് ലഭിച്ച രേഖ കൈമാറി. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ സംഘം പിൻവാങ്ങി. ഭരണ സമിതി അംഗങ്ങൾ നിരപരാധികളാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ജോസ് ചക്രംപുളളി ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ജോസ് ചക്രം പുള്ളിയുടെ വീട്ടിൽ റവന്യൂ സംഘം എത്തിയിരുന്നുവെങ്കിലും വീട് അടച്ചിട്ടതായി കണ്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു.

Please follow and like us: