കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ജപ്തി നടപടികൾ തുടരുന്നു ; മുൻ മാനേജറുടെ വീട്ടുസാധനങ്ങൾ ജപ്തി ചെയ്ത് റവന്യൂ വകുപ്പ് …
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ റവന്യൂ വകുപ്പിന്റെ ജപ്തി നടപടികൾ തുടരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെ ബാങ്കിന്റെ മുൻ മാനേജർ മാപ്രാണം സ്വദേശി എം കെ ബിജുവിന്റെ വീട്ടിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ പാർവതി ദേവിയുടെ നേത്യത്വത്തിൽ എത്തിയ സംഘം ടെലിവിഷൻ, ഫർണീച്ചറുകൾ, ഫാനുകൾ എന്നിവ ജപ്തി ചെയ്തു. ബിജുവിൽ നിന്ന് പലിശയടക്കം 12, 25, 96,095 രൂപ ഈടാക്കണമെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. റവന്യൂ സംഘം എത്തിയ സമയത്ത് ബിജുവിന്റെ പ്രായമായ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടും സ്ഥലവും ബിജുവിന്റെ പേരിലാണുളളത്. മാതാപിതാക്കൾക്ക് താമസം മാറാൻ സമയം നൽകിയതിന് ശേഷം ഇവ ജപ്തി ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മാപ്രാണത്ത് തന്നെയുളള ബാങ്ക് ഭരണ സമിതി അംഗമായിരുന്ന ജോസ് ചക്രംപുള്ളിയുടെ വീട്ടിലാണ് റവന്യൂ സംഘം ആദ്യം എത്തിയത്. വീട് അടച്ചിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് തളിയക്കോണത്ത് മുൻ ബാങ്ക് സെക്രട്ടറി ടി ആർ സുനിൽകുമാറിന്റെ വീട്ടിൽ ജപ്തി നടപടികൾക്കായി എത്തിയെങ്കിലും , രണ്ട് മാസത്തേക്ക് ജപ്തി നടപടിയിൽ സ്റ്റേ ഹൈക്കോടതിയിൽ ലഭിച്ചതായി സുനിൽകുമാർ അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ബോധ്യമായതിനെ തുടർന്ന് റവന്യൂ സംഘം മടങ്ങുകയായിരുന്നു. ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി, മാടായിക്കോണം, മനവലശ്ശേരി വില്ലേജുകളിൽ നിന്നുള്ള 22 പ്രതികളിൽ നിന്നായി 137. 62 കോടി രൂപയാണ് ഈടാക്കാനുള്ളതായി കണക്കാക്കിയിരിക്കുന്നത്. മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി ജി ശശിധരൻ , ഉദ്യോഗസ്ഥരായ മനോജ് നായർ , ശ്യാമള സി ജി, പ്രസീത ജി, രശ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.