ചാലക്കുടി അടിപ്പാത ഈ മാസം തുറക്കുമെന്ന് അധികൃതർ …
ചാലക്കുടി :ദേശീയപാതയില്‍ നഗരസഭക്ക് സമീപം നിര്‍മ്മിക്കുന്ന അടിപ്പാതയും അനുബന്ധ റോഡും ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കാലവർഷം എത്തിയതോടെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാൻ വൈകിയത് കാരണമാണ് കാലതാമസമെടുത്തതന്ന് ബെന്നി ബഹനാന്‍ എംപി, സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ എന്നിവർ അറിയിച്ചു.
എംപിക്കും എംഎൽഎയ്ക്കും പുറമെ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രെ, നഗരസഭ ചെയർമാൻ എബി ജോര്‍ജ്, ഡിവൈഎസ്പി സി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
99 ശതമാനം പണികള്‍ പൂര്‍ത്തിയായതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു അറിയിച്ചു.
അനുബന്ധ റോഡ് നഗരസഭ ജംക്‌ഷനില്‍ ചേരുന്ന ഭാഗത്ത് ദേശീയപാത പൂര്‍ണമായി അടച്ചു കെട്ടണം. തുടർന്ന് സര്‍വീസ് റോഡിലൂടെ മാത്രമാകും ഗതാഗതം. ഇത് സൃഷ്ടിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ സംഘം ചര്‍ച്ച ചെയ്തു. ഗതാഗത ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്ത ശേഷം വൈകാതെ ദേശീയപാതയില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലേയ്ക്കുള്ള പ്രവേശനം ഭിത്തി കെട്ടി അടയ്ക്കും.
അടിപ്പാതയുടെ ബോക്സിലൂടെ ട്രാംവേ ലൈനിലേയ്ക്കാണ് വാഹനങ്ങള്‍ കടന്നു പോകുക. അതിനു മുകളിലാണ് അനുബന്ധ റോഡ് ഉള്ളത്. അടിപ്പാതയില്‍ നിന്ന് ട്രാംവേ റോഡിലേയ്ക്കു തിരിയുന്ന ഭാഗത്തെ സൗകര്യ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എംഎല്‍എ കലക്ടറോട് ആവശ്യപ്പെട്ടു.
ഇതിനായി സിവില്‍ സ്റ്റേഷന്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതിന് നടപടിക്രമങ്ങള്‍ നടത്തുന്നതായി കലക്ടര്‍ അറിയിച്ചു. ട്രാംവേ റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിച്ചെടുത്ത വാഹനങ്ങള്‍ കിടക്കുന്നത് മാറ്റും.
നിര്‍മാണത്തിന് തടസമായിരുന്ന 33 കെവി വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചു. ലൈന്‍ കടന്നു പോകുന്ന ഭാഗത്ത് 90 മീറ്ററിൽ ടാറിങ് പണി പുരോഗമിക്കുകയാണ്. അനുബന്ധ റോഡിന്റെ നടുവില്‍ മീഡിയന്‍ നിര്‍മ്മാണം തുടങ്ങി. ഇതു 3 ദിവസത്തിനകം പൂര്‍ത്തിയാകും.
അനുബന്ധ റോഡ് പൂര്‍ണമായി ബിസി മികവോടെ ടാറിങ് നടത്തും. തെരുവുവിളക്കുകള്‍ സ്ഥാപിക്കണം. അനുബന്ധ റോഡിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഗതാഗത തടസമുണ്ടാക്കാതിരിക്കാന്‍ ഡ്രൈനേജ് സംവിധാനം ഒരുക്കാനും നഗരസഭ ജംക്‌ഷന്‍ മുതല്‍ പോട്ട വരെ ഡ്രൈനേജ് സംവിധാനം കുറ്റമറ്റതാക്കുവാനും നിര്‍ദേശിച്ചു.