ഭൂമി എറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറിയിലെയും സ്വത്തുക്കൾ ജപ്തി ചെയ്തു …
ഇരിങ്ങാലക്കുട : ചാലക്കുടി മുനിസിപ്പൽ സ്റ്റേഡിയ നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തതിന്റെ പേരിൽ പണം നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറി ഓഫീസിലെയും കമ്പ്യൂട്ടറകളും അലമാരികളും ഫർണിച്ചറുകളും ജപ്തി ചെയ്തു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ്- കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. 2010 ലാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള നാല് എക്കറോളം സ്ഥലം മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് പേരിൽ നിന്നായി എറ്റെടുത്തത്. ഇവരിൽ മൂന്ന് പേരുടെ നഷ്ടപരിഹാരം കൊടുത്ത് കഴിഞ്ഞുവെങ്കിലും ചാലക്കുടി സ്വദേശികളായ സണ്ണി വെള്ളാനിക്കാരൻ , ഗില്ലി വെള്ളാനിക്കാരൻ എന്നിവരുടെ തുക കൊടുത്ത് കഴിഞ്ഞിട്ടില്ല. പലിശയടക്കം 29 കോടിയോളം രൂപയാണ് രണ്ട് പേർക്കുമായി നൽകാനുള്ളത്. ഉയർന്ന നഷ്ടപരിഹാരത്തിനെതിരെ ചാലക്കുടി നഗരസഭ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഭൂമി ഉടമകൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ചാലക്കുടി നഗരസഭ നഷ്ടപരിഹാരം നൽകാത്ത സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് മുകുന്ദപുരം താലൂക്ക് ഓഫീസിലെയും കമ്പ്യൂട്ടറകളും ഫർണീച്ചറുകളും ജപ്തി ചെയ്തിരുന്നു.
കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് ജപ്തി ചെയ്ത വസ്തുക്കൾ ഹാജരാക്കമെന്ന വ്യവസ്ഥയിലാണ് ഓഫീസുകൾക്ക് ഇവ വിട്ട് നൽകിയിട്ടുണ്ട്.