ചാലക്കുടി പരിയാരത്ത് അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയിൽ;ജില്ലയിലെ ആദ്യത്തെ ഹെറോയിൻ വേട്ട …
ചാലക്കുടി: വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി, ചാലക്കുടി ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺ ബി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. ആസാം നാഗോൺ ജില്ല ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൾ റഹിമാൻ 22 വയസ്, നൂറുൾ അമീൻ 35 വയസ് എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന ഇരുപത്തിയെട്ട് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. വിൽപ്പനയ്ക്കായി പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ ഹെറോയിൻ കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ ഭദ്രമായി അടച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന KL42Q8311 നമ്പർ സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് വിൽപന. വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു കൊടുക്കുയാണിവരുടെ രീതിയെന്ന് പിടിയിലായ രണ്ടുപേരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആസാം നാഗോൺ സ്വദേശകളായ ഇവരുവരും ആസാമില്‍ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്ന് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞെങ്കിലും മറ്റൊരു അതിഥി തൊഴിലാളി തന്നതാണ് എന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇയാളെക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദേശത്തെ തുടർന്ന് റൂറൽജില്ലയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിന്നിടയില്‍ തന്നെയാണ് മയക്കുമരുന്നുമായി അതിഥി തൊഴിലാളികള്‍ പിടിയിലാകുന്നത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷബീബ് റഹ്മാൻ ,ഷാജു എടത്താടൻ ക്രൈംസ്ക്വാഡ് അംഗങ്ങളും ലഹരിവിരുദ്ധ സേനാംഗങ്ങളുമായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ , റോയി പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ചാലക്കുടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജെയ്സൺ ജോസഫ്, സീനിയർ സിപിഒമാരായ സിജു ജെ.യു, ബിനു ദേവരാജൻ, ജിബി പി. ബാലൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി എസ് റെനീഷ് എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം പരിയാരം ഭാഗത്ത് മഫ്തിയിൽ സഞ്ചരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആസാം സ്വദേശികൾ പിടിയിലായത്.