ഇരിങ്ങാലക്കുടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പ്രവ്യത്തിക്കിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു…
ഇരിങ്ങാലക്കുട : പരസ്യ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിൽ പതിനൊന്ന് കെ വി ലൈനിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് അടുത്ത് കല്ലട ബാറിന് മുൻ വശത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുപി സ്വദേശി മഹേന്ദറിനെ (46 വയസ്സ് ) അടുത്തുള്ള മെട്രോ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലൈറ്റിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. കല്ലട ജംഗ്ഷനിലുള്ള ബൈക്ക് ഷോറൂമിന് മുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്ന പണിക്കിടയിലാണ് ഷോക്കേറ്റ് വീണത് . തുടർന്ന് ഷോറൂമിലെ ജീവനക്കാരാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പരസ്യ ബോർഡുകൾ സ്ഥാപിക്കാനായി കഴിഞ്ഞ ദിവസമാണ് മഹേന്ദർ അടങ്ങുന്ന നാലംഗ സംഘം ഇരിങ്ങാലക്കുടയിൽ എത്തിയതെന്ന് സംഘത്തിൽ ഉണ്ടായിരുന്ന യുപി സ്വദേശി അമിത് പറഞ്ഞു. ബോർഡുകൾ സ്ഥാപിക്കാൻ ബൈക്ക് കമ്പനിയിൽ നിന്ന് കരാർ എടുത്ത സ്വകാര്യസ്ഥാപനമാണ് തങ്ങളെ പണി എല്പിച്ചതെന്നും ഇവർ പറഞ്ഞു.