കാട്ടൂരില്‍ ശുദ്ധജല പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി, റോഡില്‍ വന്‍ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു കുടിവെള്ളം മുടങ്ങിയത് പത്തു പഞ്ചായത്തുകളിലായി പതിനായിരത്തോളം വീടുകളില്‍…

കാട്ടൂരില്‍ ശുദ്ധജല പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി, റോഡില്‍ വന്‍ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു

കുടിവെള്ളം മുടങ്ങിയത് പത്തു പഞ്ചായത്തുകളിലായി പതിനായിരത്തോളം വീടുകളില്‍…

ഇരിങ്ങാലക്കുട: കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയില്‍ നിന്നും പമ്പിംഗ് നടത്തി വെള്ളാനി പ്ലാന്റില്‍ ശൂദ്ധീകരണം പൂര്‍ത്തിയാക്കി വെള്ളാനി സംഭരണിയില്‍ നിന്ന് പോകുന്ന 700 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തി വച്ചു. എസ്എന്‍ പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്. മതിലകം, വാടാനപ്പിള്ളി സെക്ഷനുകളിലായി ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എന്‍ പുരം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്. 30,000 ഗുണഭോക്താക്കള്‍ക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയത്. ഈ മേഖലയില്‍ പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും സ്ഥിരമാണ്. ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളമാണ് ഇതുമൂലം പാഴാകുന്നത്. കാലപ്പഴക്കമുള്ള പഴയ പ്രിമോ പൈപ്പായതിനാല്‍ മര്‍ദ്ദം താങ്ങാന്‍ ശേഷിയില്ലാത്തതാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജല അതോറിറ്റി അധികൃതര്‍ ഉച്ചയോടെ സ്ഥലത്തെത്തി പൈപ്പു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിക്കുവാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ മഴ കാരണം പണികള്‍ തടസപ്പെടുവാനും സാധ്യതയുണ്ട്. കുടിവെള്ള വിതരണം നീണ്ടു പോയാല്‍ തീരദേശ മേഖലയിലെ ജനജീവിതം വലിയ വിഷമത്തിലാകും. കിണറുകളില്‍ ഉപ്പു കലര്‍ന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രധാനമായും ഈ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്.

Please follow and like us: