വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി ; അങ്കണവാടികൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…  

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി ; അങ്കണവാടികൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

 

ഇരിങ്ങാലക്കുട : സാമൂഹ്യബോധവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അങ്കണവാടികൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് സസ്നേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

നിലവിൽ നൽകുന്ന പോഷകാഹാരങ്ങളോടൊപ്പം ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെ കൂടുതൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികൾക്ക് നൽകുന്ന പദ്ധതിയാണ് സസ്നേഹം. ഓരോ പ്രദേശത്തെയുംപ്രീ പ്രൈമറി കുട്ടികൾക്കായി ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയിട്ടുള്ള കഥകളും കവിതകളും അടങ്ങുന്ന കുരുന്നില കിറ്റ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ അങ്കണവാടികളിലും എത്തിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

സസ്നേഹം പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ സൂക്ഷിക്കേണ്ട ഡയറിയുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ പോസ്റ്റർ പ്രകാശനം ചെയ്തു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് സസ്നേഹം പദ്ധതി അവലോകനം ചെയ്ത് സംസാരിച്ചു. സിഡിപിഒ എൻ കെ സിനി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയും എന്ന വിഷയത്തിൽ നിപ്മർ ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് രശ്മി രാജീവ് ക്ലാസ് എടുത്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് , വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: