പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ പരിക്ഷ ഉറപ്പു വരുത്തുന്ന ജീവധാര പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്.
ഇരിങ്ങാലക്കുട : പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ പരിക്ഷ ഉറപ്പു വരുത്തുന്ന ജീവധാര പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്. അലോപതി ,ആയുർവേദം , ഹോമിയോ എന്നീ ചികിത്സാ വിഭാഗങ്ങളോടൊപ്പം കൃഷിവകുപ്പ് ,വനിതാ ശിശു സാമൂഹ്യനീതി വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പോഷക സമൃദ്ധ സ്വയംപര്യാപ്ത ഗ്രാമം, സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്,ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്,ശിശു സൗഹൃദ പഞ്ചായത്ത്,വയോജന സൗഹൃദ പഞ്ചായത്ത്,രോഗാതുരത ഏറ്റവും കുറഞ്ഞ പഞ്ചായത്ത്, ലഹരി മുക്ത പഞ്ചായത്ത് തുടങ്ങി പഞ്ചായത്തിലെ മുഴുവൻ മനുഷ്യരുടെയും ക്ഷേമ പ്രവർത്തനങ്ങൾ നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പദ്ധതിയുടെ ഉദ്ഘാടനവും മൊബൈൽ
ആപ്പിന്റെയും ലോഗോയുടെയും പ്രകാശനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.