ഭരണഘടനാ സംരക്ഷണ സദസ്സുമായി അഭിഭാഷകർ ; അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തിൽ ഭരണഘടന ഒരു അലങ്കാര പുസ്തകം മാത്രമായി മാറിയെന്ന് സുനിൽ പി ഇളയിടം …

ഭരണഘടനാ സംരക്ഷണ സദസ്സുമായി അഭിഭാഷകർ ; അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തിൽ ഭരണഘടന ഒരു അലങ്കാര പുസ്തകം മാത്രമായി മാറിയെന്ന് സുനിൽ പി ഇളയിടം …

ഇരിങ്ങാലക്കുട : ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തിൽ ഔപചാരികമായ ഒരു അലങ്കാര പുസ്തകം മാത്രമായി ഇന്ത്യൻ ഭരണഘടന മാറിക്കഴിഞ്ഞതായി ഡോ സുനിൽ പി ഇളയിടം. സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന മുന്നോട്ട് വച്ച മൂന്ന് പ്രധാന ഘടകങ്ങളിൽ രണ്ടെണ്ണത്തിനെ ദുർബലപ്പെടുത്തി എക്സിക്യൂട്ടീവ് അമിതമായ മേൽക്കൈ നേടിക്കഴിഞ്ഞു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണിത്. പാർലമെന്റ് ഒരു വർഷത്തിൽ 50 ദിവസം പോലും ചേരുന്നില്ല. ഒരു ചർച്ചയും കൂടാതെയാണ് കർഷക ബിൽ പാസ്സാക്കിയത്. മധ്യകാല രാജാധികാരത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും അവശിഷ്ടങ്ങളെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ നടന്ന ചെങ്കോൽ ചടങ്ങിൽ നമ്മൾ തിരിച്ചറിയേണ്ടത്. ഭരണഘടനയുടെ അടയാളങ്ങൾ ഒന്നും തന്നെ അശ്ലീലമെന്ന് വിശേഷിപ്പിക്കാവുന്ന പ്രസ്തുത ചടങ്ങിൽ ദൃശ്യമായിരുന്നില്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ മാനിക്കുന്ന ഭരണകൂടമില്ലെങ്കിൽ എത്ര മെച്ചപ്പെട്ട ഭരണഘടന ഉണ്ടായിട്ടും കാര്യമില്ലെന്ന് അംബേദ്കർ തന്നെ തിരിച്ചറിഞ്ഞിരുന്നതായി സുനിൽ പി ഇളയിടം പറഞ്ഞു. എസ് എൻ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ , യൂണിയൻ ഭാരവാഹികളായ കെ ജി സന്തോഷ്കുമാർ , സി ജെ ബിമൽ , അജയകുമാർ , അഷ്റഫ് സാബാൻ എന്നിവർ സംസാരിച്ചു. അഡ്വ വി പി ലിസൻ സ്വാഗതവും കെ എ മനോഹരൻ നന്ദിയും പറഞ്ഞു.

Please follow and like us: