അമ്യത് 2.0; ഇരിങ്ങാലക്കുട നഗരസഭയുടെ 84 ലക്ഷം രൂപയുടെ നിർദ്ദേശത്തിന് ഭരണാനുമതി; ഹരിതസഭയുടെ സംഘാടനത്തെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം …
ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭ സമർപ്പിച്ച നാല് നിർദ്ദേശങ്ങളിൽ നഗരസഭയിലെ 1, 2 വാർഡുകളിലെ ശുദ്ധജലവിതരണത്തിനായുള്ള 84 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. മൂർക്കനാട് , ബംഗ്ലാവ് പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനായി ഫണ്ട് വിനിയോഗിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ബന്ധപ്പെട്ട കൗൺസിലർമാരുടെയും യോഗം വിളിക്കുമെന്ന് ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ കൗൺസിലർ നസീമ കുഞ്ഞുമോന്റെ ചോദ്യത്തിന് മറുപടിയായി ചെയർമാൻ ടി വി ചാർലി നഗരസഭ യോഗത്തിൽ അറിയിച്ചു.
ഹരിതസഭയും ഞാറ്റുവേല സംഘാടകസമിതിയുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടൗൺ ഹാളിൽ വിളിച്ച് ചേർത്ത യോഗങ്ങളുടെ സംഘാടനത്തെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങളോടെയാണ് നഗരസഭ യോഗം ആരംഭിച്ചത്. മാലിന്യമുക്ത കേരളം എന്ന ആശയം മുൻനിറുത്തി സംസ്ഥാന തലത്തിലുള്ള പ്രചരണ പരിപാടിയായ ഹരിത സഭയുടെ യോഗത്തിന് വ്യക്തമായ കാര്യപരിപാടി പോലും ഉണ്ടായില്ലെന്നും രണ്ട് യോഗങ്ങളും ഒരേ സമയം വിളിച്ച് ചേർത്തത് ശരിയായില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ എന്നിവർ വിമർശിച്ചു. ആക്ടിംഗ് ചെയർമാന്റെ മേധാവിത്വമാണ് പരിപാടികളിൽ പ്രകടമായതെന്നും പുതിയ കൗൺസിലർമാർക്ക് അവസരങ്ങൾ നൽകണമെന്നും ബിജെപി കൗൺസിലർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾ ചടങ്ങ് മാത്രമായി നടത്തി അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് കുറ്റപ്പെടുത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് കൃത്യമായ സ്ഥാനം നൽകാൻ തയ്യാറാകണമെന്ന് എൽഡിഎഫ് അംഗം ടി കെ ജയാനന്ദനും ആവശ്യപ്പെട്ടു. നൂറ് ശതമാനം യൂസർ ഫീ പിരിച്ചെടുത്ത വാർഡ് 40 ലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ബിജെപി അംഗം വിജയകുമാരി അനിലനും വിമർശിച്ചു. രണ്ട് പരിപാടികളിലും പങ്കെടുക്കുന്നത് ഒരേ വ്യക്തികൾ ആയത് കൊണ്ടാണ് യോഗങ്ങൾ ഒരേ സമയം വിളിച്ചതെന്നും ചില സാങ്കേതിക വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും ചെയർമാൻ അറിയിച്ചു.
മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ കഴിഞ്ഞ വർഷം ഡിസംബർ 26 ന് നടന്ന എൻഎസ്എസ് ക്യാമ്പുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ നിർദ്ദേശപ്രകാരം സ്കൂൾ പ്രധാന അധ്യാപിക നൽകിയ റിപ്പോർട്ടിനെ ചൊല്ലിയുള്ള ചർച്ച വാക്ക് തർക്കത്തിൽ കലാശിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ സ്കൂളിനെ പറ്റി തെറ്റായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും ഒരു പാർട്ടിയുടെ പ്രാദേശിക നേതാവ് സ്കൂളിൽ വന്ന് പിടിഎ പ്രസിഡണ്ടിന് നേരെ കൈയേറ്റ ശ്രമം നടത്തിയെന്നും കാണിച്ച് ബിജെപി കൗൺസിലർ ടി കെ ഷാജുട്ടൻ നൽകിയ പരാതിയെ തുടർന്നാണ് കൗൺസിൽ അധ്യാപികയിൽ നിന്ന് വിശദീകരണം തേടിയിരുന്നത്. റിപ്പോർട്ടിന്റെ കോപ്പി വേണമെന്നും അടുത്ത യോഗത്തിൽ ചർച്ച ചെയ്യാമെന്നും പരാതിക്കാരന് പോലും കോപ്പി നൽകിയിട്ടില്ലെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. എല്ലാ റിപ്പോർട്ടുകളും എല്ലാ കൗൺസിലർമാർക്കും നൽകാൻ പറ്റില്ലെന്ന ചെയർമാന്റെ വിശദീകരണത്തെ ബിജെപി അംഗങ്ങൾ എതിർത്തു. ബഹളത്തിനിടയിൽ റിപ്പോർട്ട് യോഗത്തിൽ വായിച്ചു. റിപ്പോർട്ട് പ്രഹസനമാണെന്നും സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ നേതാവിനെയും പിടിഎ പ്രസിഡന്റിനെ മർദ്ദിച്ചതിനെക്കുറിച്ചും റിപ്പോർട്ട് മൗനം പാലിക്കുകയാണെന്നും ടി കെ ഷാജൂട്ടൻ പറഞ്ഞു. പിടിഎ പ്രസിഡണ്ടിന് മർദ്ദനമേറ്റു എന്ന പറയുന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം എവിടെയും പരാതി നൽകിയിട്ടില്ലെന്നും ടോയ്ലറ്റുകൾ കൃത്യമായി തുറന്ന് കൊടുത്തില്ലെന്നതായിരുന്നു വിഷയമെന്നും സി സി ഷിബിൻ പറഞ്ഞു.
യോഗത്തിൽ ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു.