സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആയ കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക് ; നവവൈജ്ഞാനിക സമൂഹം എന്ന നിലയിലുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് കെ ഫോൺ പദ്ധതി നിർണ്ണായകമാകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ….
ഇരിങ്ങാലക്കുട: കേരളത്തിന്റെ ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച് വിവര സാങ്കേതിക വിദ്യയുടെ നവ ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് . പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം ഓൺലൈനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. നവ വൈജ്ഞാനിക സമൂഹം എന്ന നിലയിലുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് എറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന പദ്ധതിയാണ് കെ ഫോൺ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് സംവിധാനം എന്ന ഖ്യാതിയാണ് കെ – ഫോണിലൂടെ കേരളം കൈവരിക്കുന്നത്. കുറഞ്ഞ നിരക്കിൽ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ വരെ കെ – ഫോണിലൂടെ ഇന്റർനെറ്റ് എത്തുന്നതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ , കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത . ജനപ്രതിനിധികളായ സുരേഷ് അമ്മനത്ത് , ഗാവറോഷ് പി എം എന്നിവർ ആശംസകൾ നേർന്നു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് സ്വാഗതവും മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി നന്ദിയും പറഞ്ഞു.