കാറളം വെള്ളാനി സ്വദേശി 33 വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്; നാട് വിട്ടത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിൽ …
ഇരിങ്ങാലക്കുട: മൂന്നര പതിറ്റാണ്ട് മുമ്പ് നാടുവിട്ട കാറളം വെള്ളാനി സ്വദേശി ഷീബന്‍ അച്ഛനരികിലെത്തി. കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലെ 1990 ലെ എസ്എസ്എല്‍സി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകന് ഷീബനാണ് നാടുവിട്ട് 33 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിലായിരുന്നു നാടുവിടല്‍. 15 വയസായിരുന്നു അന്ന്. മുംബൈയിലുളള അമ്മാവന്റെ കൂടെ ജോലി തേടി നാടുവിട്ട ഷീബന്‍ അമ്മാവനില്‍ നിന്നു വേര്‍പിരിഞ്ഞു മധ്യപ്രദേശിലേക്കായിരുന്നു ആദ്യയാത്ര. അച്ഛനടക്കം കുടുംബത്തിലെ എല്ലാവരും അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. അമ്മയും സഹോദരിമാരും പ്രാര്‍ഥനയോടെ കാത്തിരുന്നിട്ടും വിഫലം. ഒരുപാട് യാത്രകള്‍ക്കുശേഷം ഏറ്റവും അവസാനം മഹാരാഷ്ട്രയിലെത്തി താമസമാക്കി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു കമ്പനിയില്‍ വെല്‍ഡറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മഹാരാഷ്ട്ര സ്വദേശിനി സിമിയെ വിവാഹം കഴിച്ച് അവിടെ കൂടിയതോടെ നാടുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു. നാലുമാസം മുന്‍പ് സ്കൂള്‍ പഠനകാലത്തെ സുഹൃത്തിന് അയച്ച കത്താണ് ഷീബനെ കണ്ടെത്താന്‍ സഹപാഠികളെ സഹായിച്ചത്. കത്തില്‍ നിന്നു ലഭിച്ച നമ്പറില്‍ സുഹൃത്ത് ഷാജഹാന് നിരന്തരം ബന്ധപ്പെട്ടു. ഇതിനിടയില്‍ മക്കളുടെ പഠനസംബന്ധമായി ലിവിംഗ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണ് വീട്ടിലെ കാര്യങ്ങള്‍ ഓര്മ വന്നത്. വീട്ടിലേക്കും കത്തെഴുതി. തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. അങ്ങനെ മകനുമായി നാട്ടില്‍ വന്നു. അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ ഷീബനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. മകനെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന അമ്മ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ട വേദനയിലാണ് കുടുംബം. ഏതാനും ദിവസങ്ങൾ നാട്ടിൽ ചിലവഴിച്ച ശേഷം ഇനിയും തിരിച്ചുവരുമെന്ന ഉറപ്പിൽ ഷീബന്‍ മഹാരാഷ്ട്രയിലേക്കു യാത്രതിരിച്ചു.