മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക്; രണ്ടു പേരുടെ നില ഗുരുതരം; മൽസരയോട്ടത്തിന്റെ ഫലമെന്ന് യാത്രക്കാർ …
ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. രാവിലെ ഏഴു മണിയോടെ മാപ്രാണം കുരിശു ജംഗ്ഷനു സമീപമാണു അപകടം നടന്നത്. എകെ സണ്‍സ് എന്ന സ്വകാര്യ ബസിനു പിറകില്‍ അമിത വേഗതയിലായിരുന്ന എംഎസ് മോനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എകെ സണ്‍സ് എന്ന സ്വകാര്യ ബസ് മുന്നില്‍ പോയിരുന്ന നെല്ലിക്ക കയറ്റി വില്പന നടത്തിയിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. എംഎസ് മേനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരു ബസുകളും ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു. രാവിലെ തൃശൂരില്‍ ജോലിക്കു പോകുന്നവരും പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തിനുമാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് അമിതവേഗതയിലായിരുന്നുവെന്നും എ കെ സൺസിനെ മറി കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പരിക്കേറ്റ യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.