സോണിയ ഗിരി പടിയിറങ്ങി ; ഭരണകക്ഷിയിലെ ധാരണ പ്രകാരമുള്ള രാജി ശനിയാഴ്ച മൂന്നരയോടെ ; വികസനത്തിൽ ഏറ്റവും പുറകിൽ പോയ കാലഘട്ടമാണ് സോണിയ ഗിരിയുടെ നേത്യത്വത്തിൽ പിന്നിട്ടതെന്നും പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ ജില്ലയിൽ ഏറ്റവും പുറകിലെന്നും ബിജെപി …
ഇരിങ്ങാലക്കുട : ഫോട്ടോഷൂട്ടുകൾക്കും മധുരഭാഷണങ്ങൾക്കും വിട. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പടിയിറങ്ങി. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ മാനിച്ചുള്ള രാജി ശനിയാഴ്ച മൂന്നരയോടെ . എതാനും ഭരണകക്ഷി കൗൺസിലർമാരുടെ സാന്നിധ്യത്തിൽ രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറി. 2010 ൽ വാർഡ് 27 ൽ നിന്ന് 67 വോട്ടിനും 2015 ൽ വാർഡ് 22 ൽ നിന്നും 69 വോട്ടിനും 2020 ൽ വാർഡ് 27 ൽ നിന്നും 41 വോട്ടിനുമാണ് സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2010 – 15 ഭരണ സമിതിയുടെ ആദ്യ കാലയളവിലും ചെയർപേഴ്സൺ സ്ഥാനം വഹിച്ചിരുന്നു.
ഷോ വർക്കുകൾ മാത്രമായിരുന്നു സോണിയ ഗിരിയുടെ നേത്യത്വത്തിൽ നടന്നിരുന്നതെന്നും നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ കാലമായിരുന്നു കഴിഞ്ഞ മുപ്പത് മാസങ്ങൾ എന്നും 2022 -23 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭ ഏറ്റവും പുറകിലാണെന്നും സംസ്ഥാനത്തെ നഗരസഭകളിൽ എഴുപതാം സ്ഥാനത്താണെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ മാധ്യമങ്ങളോട് കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി. പ്ലാൻ ഫണ്ട് 77.6 % മാത്രമാണ് ചിലവഴിക്കാൻ സോണിയ ഗിരിയുടെ നേത്യത്വത്തിൽ കഴിഞ്ഞത്. 4.2 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. മെയിന്റനൻസ് ഗ്രാന്റ് ചിലവഴിച്ചത് 45.1 % മാത്രമാണെന്നും 3.9 കോടി രൂപയാണ് നഷ്ടപ്പെടുത്തിയതെന്നും സ്റ്റാന്റിംഗ് കമ്മിറ്റികളെ നിർവീര്യമാക്കി രണ്ടോ മൂന്നോ പേരുടെ നേത്യത്വത്തിലാണ് ഭരണം നടന്നിരുന്നതെന്നും മൂന്നരക്കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ചാത്തൻ മാസ്റ്റർ ഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും സന്തോഷ് ബോബൻ പറഞ്ഞു.