ഹ്യദയതാളം വീണ്ടെടുക്കാനുള്ള ജീവൻ രക്ഷാ പദ്ധതിയുമായി ഐഎംഎ ; ആദ്യഘട്ട പരിശീലനം മെയ് 27 ന് ഡോൺബോസ്കോ സ്കൂളിൽ …
ഇരിങ്ങാലക്കുട : ഹ്യദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളിൽ ഹ്യദയത്തുടിപ്പ് തിരികെയെത്തിക്കാനുള്ള കാർഡിയോ പൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ സംബന്ധിച്ച് പരിശീലനം നൽകുന്ന പദ്ധതിയുമായി ഐഎംഎ . കോവിഡിന് ശേഷം കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ” ലബ് – ഡബ് ” എന്ന പേരിട്ടിട്ടുള്ള ജീവൻ രക്ഷാ പദ്ധതിയിൽ പരിശീലനം നൽകാൻ ആരംഭിക്കുന്നതെന്ന് ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ ജോം ജേക്കബ് നെല്ലിശ്ശേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോൺ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിൽ വച്ച് മെയ് 27 ന് രാവിലെ 9 ന് ആരംഭിക്കുന്ന പരിശീലന പരിപാടി മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നായി അഞ്ഞൂറോളം പേർ പത്തോളം ഡോക്ടർമാരുടെ നേത്യത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോം ഗ്രേ ഐപിഎസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. യൂണിറ്റ് സെക്രട്ടറി ഡോ ശ്രീനാഥ് വി നായർ , ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.