വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു …

വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു …

ഇരിങ്ങാലക്കുട : നാല് പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായി തുടരുന്ന ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസിനെ ശിഷ്യൻമാരുടെ കൂട്ടായ്മ വീര ശ്യംഖല നൽകി ആദരിക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ട് ദിനരാത്രങ്ങളിലായി പ്രഗൽഭ കലാകാരൻമാരുടെ നേത്യത്വത്തിൽ നടക്കുന്ന കലാപരിപാടികളുടെ അകമ്പടിയോടെയാണ് ആദരണീയം പരിപാടിയെന്ന് സംഘാടക സമിതി ചെയർമാൻ കലാനിലയം ഉദയൻ നമ്പൂതിരി, പ്രോഗ്രാം കൺവീനർ കെ എസ് സുധാമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 19 ന് രാവിലെ 8.30 ന് ഗുരുവന്ദനം, 10 ന് കേളി, 11.30 ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം തുടർന്ന് 1.30 ന് സുഹൃദ് സംഗമം, വൈകീട്ട് 3 ന് തവിൽലയ വിന്യാസം, 4.30 ന് ഭരതനാട്യം, 6.30 ന് കഥകളി , 20 ന് രാവിലെ 9 ന് ശ്രുതിലയം, 10 ന് ഇരട്ടത്രയത്തായമ്പക, 12 ന് വയലിൻ കച്ചേരി, 2.30 ന് പഞ്ചവാദ്യം എന്നിവയാണ് പരിപാടികൾ . 20 ന് 4.30 ന് നടക്കുന്ന വീര ശ്യംഖല സമർപ്പണച്ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മൃദംഗവിദ്വാൻ ഉമയാൾപുരം ശിവരാമൻ വീര ശ്യംഖല സമർപ്പിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പെരുവനം കുട്ടൻ മാരാരും ചേർന്ന് പ്രശസ്തി പത്രം സമർപ്പിക്കും. തുടർന്ന് 7 മണിക്ക് വാദ്യ സമന്വയം അരങ്ങേറും. സംഘാടക സമിതി അംഗങ്ങളായ വിഷ്ണുദാസ് , പാറേമക്കാവ് അജീഷ് നമ്പൂതിരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: