മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; പരിഗണിച്ചത് 657 പരാതികൾ ; നേരിട്ട് ലഭിച്ചത് 357 പരാതികൾ …
ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 657 പരാതികൾ . നേരത്തെ ഓൺലൈനിൽ ലഭിച്ച മുന്നൂറ് പരാതികൾക്ക് പുറമെ 357 പരാതികളാണ് അദാലത്തിന്റെ വേദിയായ ടൗൺ ഹാളിൽ നേരിട്ടെത്ത് നൽകിയത്. ഇതിൽ രണ്ടെണ്ണമാണ് തീർപ്പാക്കിയിട്ടുള്ളത് . അദാലത്തിൽ നേരിട്ട് പരിഹരിക്കാൻ കഴിയാത്ത ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദ്ദേശിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ്, വിവിധ പെൻഷനുകൾ , അപകടരമായ മരങ്ങൾ മുറിക്കൽ തുടങ്ങിയ വിഷയങ്ങളാണ് കൂടുതലും പരാതികളിൽ നിറഞ്ഞ് നിന്നത്. 2018,19 വർഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട ഏതാനും പരാതികളും അദാലത്തിന്റെ മുന്നിൽ എത്തിയിരുന്നു. ഭൂമിയുടെ തരം മാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം എന്നിവ അദാലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഇവയും അദാലത്തിൽ എത്തിയിരുന്നു. ഇവ ഓൺലൈനിലാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും അധിക്യതർ വ്യക്തമാക്കിയിട്ടുണ്ട്.