റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം നാളെ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും …
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശ്ശൂർ റൂറല്‍ ജില്ലാ പൊലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ( മെയ് 14) മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. നിലവില്‍ അയ്യന്തോളിലെ തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനമാണ് കാട്ടുങ്ങച്ചിറയിലെ പൊലീസ് സ്റ്റേഷന് വളപ്പിലേക്ക് മാറ്റുന്നത്. 2011 ലാണ് തൃശ്ശൂർ പോലീസ് ജില്ല വിഭജിച്ച് തൃശ്ശൂർ റൂറൽ പോലീസ് ജില്ല , തൃശ്ശൂർ സിറ്റി പോലീസ് ജില്ല എന്നിവ രൂപീകരിച്ചത്. നിലവിൽ റൂറൽ പോലീസ് ജില്ലയിൽ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളും 19 പോലീസ് സ്റ്റേഷനുകളും തീരദേശ പോലീസ് സ്റ്റേഷനും വനിതാ പോലീസ് സ്റ്റേഷനും സൈബർ ക്രൈം പോലീസ് സ്റ്റേഷനുമാണുള്ളത്. എഴ് കോടിയോളം രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് ഫ്ലോർ അടക്കം മൂന്ന് നിലകളിലായി 19, 926 ചതുരശ്ര അടിയിലുള്ള പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.. കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറ്ററീവ് സൊസൈറ്റിയ്ക്കായിരുന്നു നിർമ്മാണ ചുമതല. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്, കെ. രാധാകൃഷ്ണന് എംപിമാരായ ടിഎന്‍ പ്രതാപന്, ബെന്നി ബഹന്നാന്, എംഎൽഎ മാരായ കെ കെ രാമചന്ദ്രൻ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ , ഇ ടി ടൈസൻ മാസ്റ്റർ, വി ആർ സുനിൽകുമാർ , സനീഷ് കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ , ഡിജിപി അനില്‍കാന്ത് ഐപിഎസ്, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ തുടങ്ങിയവർ പങ്കെടുക്കും.