ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; രാപ്പാൾ കടവിൽ സംഗമേശ്വരന്റെ ആറാട്ട് …

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; രാപ്പാൾ കടവിൽ സംഗമേശ്വരന്റെ ആറാട്ട് …

ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.15 ന് നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കുറുമാലി പുഴയിലെ രാപ്പാൾ കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി നേത്യത്വം നൽകി. ഉരുളിയിൽ തിടമ്പ് വെച്ചാണ് സംഗമേശ്വരന്റെ ആറാട്ടു നടത്തിയത്. ഭഗവാനൊപ്പം ശരണം വിളികളോടെ ഭക്തർ ആറാട്ട് മുങ്ങി. ആറാട്ടിന് ശേഷം രാപ്പാൾ കരയോഗം എൻഎസ്എസിന്റെ വക പ്രസാദ വിതരണം നടന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ , ആർഡിഒ എം കെ ഷാജി, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
രാവിലെ വൈഷ്ണവമന്ത്ര മുഖരിതമായ അന്തരീക്ഷത്തിലാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. ക്ഷേത്ര കിഴക്കേ നടപ്പുരയിൽ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിറുത്തി രാവിലെ ഒൻപതരയോടെയാണ് ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചത്. വടക്കുന്നാഥൻ ശിവൻ തിടമ്പേറ്റി. കൊളക്കാടൻ കുട്ടികൃഷ്ണനും പുതുപ്പള്ളി ഗണേശനും അകമ്പടിയായി. കിഴക്കേ നടയിൽ പോലീസ് സംഘത്തിന്റെ ആചാരപ്രകാരമുള്ള റോയൽ സല്യൂട്ട് സ്വീകരിച്ച ശേഷം രാജകീയമായിട്ടായിരുന്നു യാത്ര. സംഗമേശനെ അനുഗമിച്ച് നിരവധി ഭക്തരും ഉണ്ടായിരുന്നു.
ആറാട്ടിന് ശേഷം രാത്രി എട്ടരയോടെ തിരിച്ചെത്തിയ ഭഗവാനെ ആൽത്തറയ്ക്കൽ സ്വീകരിച്ചു.

Please follow and like us: