കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി രാപ്പാള്‍ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…

കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി രാപ്പാള്‍ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…

 

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി രാപ്പാള്‍ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. വാദ്യഘോഷങ്ങളോടെ രാപ്പാള്‍ ആറാട്ട് കടവിലേക്ക് രാവിലെ ഒമ്പതരയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. വടക്കുംനാഥന്‍ ശിവന്‍ തിടമ്പേറ്റി. കൊളക്കാടൻ കുട്ടികൃഷ്ണനും പുതുപ്പള്ളി ഗണേശനും അകമ്പടിയായി. ഒട്ടേറെ ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷിയായി.ഉച്ചക്ക് ഒരു മണിയോടെ രാപ്പാള്‍ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തും. തുടര്‍ന്ന് ആറാട്ട് കഞ്ഞി വിതരണം നടക്കും. തന്ത്രിയും മേല്‍ശാന്തിയും കൂടി ചേര്‍ന്നാണ് ഭഗവാന്റെ ആറാട്ട് നടത്തുക. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പ്രഗത്ഭ വാദ്യകലാകാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം ആരംഭിക്കും. പരക്കാട് തങ്കപ്പന്‍ മാരാരാണ് മേള പ്രമാണി. തിരിച്ചെഴുന്നള്ളുന്നതിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിക്കും. അഞ്ചാനകളോടെയുള്ള പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയാല്‍ ചെമ്പട വക കൊട്ടി പാണ്ടിമേളം ആരംഭിക്കും. രാജീവ് വാര്യര്‍ പാണ്ടിമേളത്തിന് നേതൃത്വം നല്‍കും. ക്ഷേത്രം കിഴക്കേ നടയില്‍ പാണ്ടി അവസാനിപ്പിച്ച് രൂപകം കൊട്ടി ക്ഷേത്രത്തില്‍ കടന്ന് പഞ്ചാരിമേളത്തോടെ പ്രദക്ഷിണം നടത്തുന്നു. അകത്ത് കടന്നാല്‍ ബാക്കി പന്ത്രണ്ട് പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കല്‍ പറ നടത്തുന്നു. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിക്കുന്നു. ഇതോടെ പത്തു ദിവസം നീണ്ടുനിന്ന ക്ഷേത്രോത്സവം സമാപിക്കും.

Please follow and like us: