ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് നാളെ …
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി പത്തരയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നായർക്കാണ് അമ്പെയ്യാനുള്ള അവകാശം. പഞ്ചവാദ്യം , പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെയാണ് തിരിച്ചെഴുന്നുളളിയത് .
ഉൽസവത്തിന്റെ സമാപനത്തിന് മുന്നോടിയായുള്ള ആറാട്ട് നാളെ രാപ്പാൾ ആറാട്ടുകടവില്‍ നടക്കും. വാദ്യഘോഷങ്ങളോടെ രാപ്പാൾ ആറാട്ട് കടവിലേക്ക് രാവിലെ എട്ടിന് പള്ളിനീരാട്ടിനായി പുറപ്പെടുന്ന കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കും. ഉച്ചക്ക് ഒരു മണിക്ക് രാപ്പാൾ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തും. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും.