ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശ്രദ്ധ നേടി കളരി,തെയ്യം ന്യത്തശിൽപം; തെയ്യം പ്രമേയമാക്കിയ കലാരൂപത്തിന്റെ അവതരണം ക്ഷേത്രത്തിൽ ഇതാദ്യം …
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ ഭാഗമായി സംഗമം വേദിയിൽ അവതരിപ്പിച്ച കളരി തെയ്യം ന്യത്തശിൽപമായ വീരൻ ശ്രദ്ധേയമായി. കതിവന്നൂർ വീരൻ എന്ന തെയ്യത്തിന്റെ കഥാരൂപത്തെ കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റിലൂടെയും ഒഡീസയുടെ അഭിമാന കലാരൂപമായ മയൂർ ബൻജ് ചാവുയിലൂടെയും പരിചയപ്പെടുത്തുന്ന പ്രത്യേക രീതിയിൽ ആവിഷ്കരിച്ച നൃത്ത നാടകമാണ് വീരൻ . കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എന്ന പ്രദേശത്തെ നിവാസിയായിരുന്ന മന്ദപ്പൻ എന്ന യോദ്ധാവാണ് പിൽക്കാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യമൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ എന്നറിയപ്പെടുന്ന തെയ്യം. പോണ്ടിച്ചേരി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന കളരി ഗ്രാം ആണ് അരങ്ങിൽ എത്തിച്ചത്.കളരി ഗ്രാമിന്റെ സ്ഥാപകനും അറിയപ്പെടുന്ന കളരി ആശാനുമായ ലക്ഷ്മണൻ ഗുരുക്കളുടെ നേത്യത്വത്തിലുള്ള കൂട്ടായ്മയിലൂടെയാണ് നൃത്തനാടകം രൂപം കൊണ്ടിട്ടുള്ളത്. മന്ദപ്പനായി അക്ഷയ് ശേഖറും മന്ദപ്പന്റെ ഭാര്യ ചെമ്മരത്തിയായി കലൂരികാ ദേവിയുമായിരുന്നു അരങ്ങിൽ . ലക്ഷ്മണൻ ഗുരുക്കൾ, സജിത്ത്, അക്ഷയ്കുമാർ , അരവിന്ദ് കേശ്, ഹർഷവർധനൻ , ശംഭൂ ദാസ് , അശോകവതനി എന്നിവരായിരുന്നു മറ്റ് വേഷങ്ങളിൽ .പ്രകാശ് സത്യധരൻ , രാജേഷ് ദക്ഷിണാമൂർത്തി, ശുഭശ്രീ , സുരേഷ് കാളിയത്ത്, ഹരിദൻ , ശിവൻ വെങ്കിടങ്ങ് എന്നിവർ ആയിരുന്നു അണിയറയിൽ . കളരിപ്പയറ്റ്, തെയ്യം എന്നിവ പ്രമേയമായ കലാരൂപം ആദ്യമായാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിൽ അവതരിപ്പിച്ചത്.