ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ദമയന്തിയായി നിറഞ്ഞാടി
മന്ത്രി ഡോ.ആർ ബിന്ദു ; അരങ്ങിലെത്തുന്നത് മൂന്നരപ്പതിറ്റാണ്ടിന് ശേഷം …
ഇരിങ്ങാലക്കുട : ഔദ്യോഗിക വേഷം അഴിച്ച് വച്ച് തികഞ്ഞ മെയ് വഴക്കത്തോടെ അരങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന്റെ
അഞ്ചാം ദിനത്തിൽ സംഗമം വേദിയിൽ നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് മന്ത്രി ആർ ബിന്ദു വീണ്ടും ചായമിട്ടത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ തുടർച്ചയായി 5 വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും സ്റ്റേജിൽ അവതരിപ്പിച്ചത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പ്രണയ പരവശയായ ദമയന്തിയായി നിറഞ്ഞാടിയത്.
പതിമൂന്നാം വയസ്സു മുതലാണ് തന്റെ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഡോ. ബിന്ദു കലാപരിപാടികൾ അവതരിപ്പിക്കുന്നത്. രാഘവൻ ആശാന്റെ മകൾ ജയശ്രീ ഗോപിയും ബീന സി എമ്മും ദമയന്തിയുടെ തോഴിമാരായി വേഷമിട്ടപ്പോൾ ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സമ്പൂർണ വനിതാ മേളയിൽ ജയന്തി ദേവരാജ് ‘ഹംസം’ ആയി രംഗത്ത് നിറഞ്ഞു.
കലാനിലയം രാഘവനാശാന്റെ നേത്യത്വത്തിൽ സംഗീതം – കലാനിലയം രാജീവൻ , വേങ്ങേരി നാരായണൻ , ചെണ്ട – കൊട്ടിയത്ത് കലാമണ്ഡലം ശ്രീരാജ് , മദ്ദളം – കലാനിലയം പ്രകാശൻ , ഇടയ്ക്ക – നന്ദകുമാർ ഇരിങ്ങാലക്കുട, മുഖത്തെഴുത്ത് – സുരേഷ് തോട്ടര, കലാമണ്ഡലം വിഘ്നേഷ്, അണിയറ – ഊരകം നാരായണൻ നായർ , കലാമണ്ഡലം മനേഷ്, ചമയം – രംഗഭൂഷ ഇരിങ്ങാലക്കുട എന്നിവരായിരുന്നു വേദിയിൽ .
തന്റെ എറ്റവും ഇഷ്ടപ്പെട്ട കലാരൂപമായ കഥകളി അരങ്ങത്തേക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം കടന്ന് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവതരണത്തിന് ശേഷം സംഗമം വേദിയിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡോ ആർ ബിന്ദു പറഞ്ഞു.പിത്യതുല്യനായ രാഘവനാശന്റെ മക്കളോടൊപ്പം വീണ്ടും വേദിയിൽ ഒരുമിക്കാൻ കഴിഞ്ഞു. ചെയ്യാൻ കഴിയുമോ എന്ന് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും രാഘവനാശാനും ധൈര്യം പകർന്നതായും മന്ത്രി പറഞ്ഞു. ആർഡിഒ ര എം കെ ഷാജി,ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ,ഭരണ സമിതി അംഗം ഭരതൻ കണ്ടേക്കാട്ടിൽ , മന്ത്രിയുടെ ഭർത്താവും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറുമായ എ വിജയരാഘവൻ , മകൻ അഡ്വ ഹരി, കലാനിലയം രാഘവനാശാൻ , സദനം കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.