ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ക്ഷേത്ര കലകളുടെ സംഗമ ഭൂമിയായി കൂടൽമാണിക്യം ; കലാപരിപാടികളുടെ അവതരണത്തിനായി ആദ്യമായി ക്ഷേത്രത്തിന് പുറത്തും പ്രത്യേക വേദി …
ഇരിങ്ങാലക്കുട : ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് ഉൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യ ക്ഷേത്രമതിൽക്കകം . രാവിലെ ആരംഭിക്കുന്ന ശീവേലി എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12.30 ന് അവസാനിക്കുന്നതോടെ ക്ഷേത്രകലകൾ തുടങ്ങുകയായി. കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ നടപ്പുരയിൽ പാഠകം, കുറത്തിയാട്ടം എന്നിവ നടക്കും. വൈകീട്ട് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവ അരങ്ങേറും. കിഴക്കേ ഗോപുരനടയിൽ ചെണ്ടമേളം തകർക്കുമ്പോൾ സന്ധ്യാവേല പന്തലിൽ മദ്ദളപറ്റ്, കുഴൽപറ്റ്, കൊമ്പുപറ്റ് എന്നിവ തുടങ്ങിയിരിക്കും. കലാപരിപാടികൾ നടക്കുന്ന വേദിയിൽ തിരുവാതിരക്കളി, സംഗീതക്കച്ചേരി, ശാസ്ത്രീയ ന്യത്തങ്ങൾ, ഭക്തിഗാനമേള തുടങ്ങിയ പരിപാടികൾ നടക്കും . പ്രധാന വേദിയിൽ രാത്രി തൊട്ട് പലരും വരെ കഥകളിയും . ഉൽസവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ തെക്കേ നടയിൽ കലാപരിപാടികളുടെ അവതരണത്തിനായി സംഗമം എന്ന പേരിൽ ഒരുക്കിയിട്ടുള്ള പ്രത്യേക വേദിയിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുന്നുണ്ട്.