ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ …
ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരി കൊടിയേറ്റ ചടങ്ങുകൾക്ക് നേത്യത്വം നൽകി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടികയറ്റം നടന്നത്. ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് ,അണിമംഗലം, തരണനെല്ലൂര് കുടുംബങ്ങളിലെ അംഗങ്ങൾക്ക് കൂറയും പവിത്രവും നൽകി സ്വീകരിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കുളമൺ മൂസ്സാണ് ചടങ്ങ് നിർവഹിച്ചത്. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂർച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു.തുടർന്ന് പാണി കൊട്ടി പുറത്ത് വന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തിയാണ് കൊടിയേറ്റം നിർവഹിച്ചത്.തുടർന്ന് കൊരുമ്പ് മൃദംഗ കളരിയുടെ നേത്യത്വത്തിൽ മൃദംഗ മേള അരങ്ങേറി.ഉൽസവത്തോടനുബന്ധിച്ച് ഭഗവാൻ ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ബുധനാഴ്ച രാത്രി 9.15 ന് നടക്കും.