കയ്യേറ്റങ്ങൾ സംബന്ധിച്ച സർവ്വേ പൂർത്തിയാക്കുന്നത് വരെ ഇരിങ്ങാലക്കുട നഗര ഹൃദയത്തിൽ നടന്ന് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ് …
ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 22 ൽ ചെട്ടിപ്പറമ്പ് വൺവേ റോഡിൽ രാമൻചിറ തോടിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ്. പ്ലോട്ടിനോട് ചേർന്നുള്ള രാമൻചിറ തോട് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ താലൂക്ക് സർവ്വേയറുമായി ബന്ധപ്പെട്ട് പ്ലോട്ടിന്റെ തോടുമായുള്ള അതിർത്തി പുനസ്ഥാപിക്കുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാനാണ് സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ , പിന്നീട് കയ്യേറ്റങ്ങൾ വ്യക്തമായാൽ കെട്ടിട പെർമിറ്റ് റദ്ദ് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവർത്തകനായ ഷിയാസ് പാളയംങ്കോട്ട് നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. മഴ വെള്ളം ഒഴുകി പോകാൻ ഠാണാവിൽ നിന്ന് ആരംഭിച്ച് ഷൺമുഖം കനാലിൽ ചെന്ന് ചേരുന്ന പൊതു കാനയുടെ മുകളിൽ നടത്തിയ നിർമ്മാണ പ്രവർത്തനം ആദ്യ ഘട്ടത്തിൽ തന്നെ വിവാദമായിരുന്നു. ടൗൺ ഹാൾ, ഫിഷ് മാർക്കറ്റ് എന്നിവയിൽ നിന്നുള്ള മലിന ജലം ഈ തോട്ടിലേക്കാണ് ഒഴുകുന്നത്. തോട് സംരക്ഷണഭിത്തി കെട്ടി സ്ലാബ് ഇട്ട നിർമ്മാണ പ്രവർത്തനം തോട്ടിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുന്നും വിമർശനം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സെന്റ് പുറമ്പോക്ക് സ്ഥലം കയ്യേറിയതായി വില്ലേജ് ഓഫീസർ താലൂക്കിലേക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും തോടിനോട് ചേർന്ന സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകിയ നഗരസഭ ഉദ്യോഗസ്ഥന്റെ നടപടിയെ ക്കുറിച്ചും പരാതി ഉയർന്നിരുന്നു. തോടിന്റെ മുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന ഘട്ടത്തിൽ പ്രതികരിച്ച രഷ്ട്രീയ കക്ഷികൾ പിന്നീട് മൗനത്തിലായതും ചർച്ചാ വിഷയമായിട്ടുണ്ട്.