കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിലുള്ള മെയ് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ നടക്കുന്ന മെയ്ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെയ് ദിന റാലി , പതാക ഉയർത്തൽ , പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികൾ . കാട്ടൂർ ടി ടി കേറ്ററേഴ്സിൽ മെയ് 1 ന് രാവിലെ 10 ന് നടക്കുന്ന മെയ് ദിനാഘോഷം രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് കെഎൽഎം പ്രസിഡണ്ട് ബാബു തോമസ് വൈന്തല , സെക്രട്ടറി പൗലോസ് പി എ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അയ്യായിരത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 500 ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ ടി ടി വിനു, ബിനോയ് സെബാസ്റ്റ്യൻ, പി പി ആന്റണി, അൽഫോൺസ തോമസ് എന്നിവരെ ആദരിക്കും. ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ട്രഷറർ സുനിൽ ചെരടായി , വൈ. പ്രസിഡണ്ട് അൽഫോൺസ തോമസ്, എക്സിക്യൂട്ടീവ് അംഗം പി എ പൗലോസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.