കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ …

കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ …

 

ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും -പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ മെയ് 16 ന് നടക്കും. 22 ഓളം വിഷയങ്ങളിൽ വരുന്ന പരാതികൾ പരിഗണിക്കുന്ന അദാലത്ത് 16 ന് രാവിലെ 10 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ആരംഭിക്കും. ജില്ലയിലെ മൂന്ന് മന്ത്രിമാർ അദാലത്തിന് നേത്യത്വം നൽകും . ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകളുടെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾ , സാമൂഹ്യസുരക്ഷാ പദ്ധതികളിലെ കുടിശ്ശിക , പരിസ്ഥിതി മലിനീകരണം, അപകട രങ്ങളായ മരങ്ങൾ മുറിച്ച് മാറ്റൽ, കെട്ടിട നിർമ്മാണ ചട്ടങ്ങൾ , വന്യജീവി ആക്രമണം, റേഷൻ കാർഡുകൾ, കൃഷി നാശം, ഭക്ഷ്യ സുരക്ഷ, ഭിന്നശേഷിക്കാരുടെ പുനരധിവാസം, വ്യവസായ സംരംഭങ്ങൾ അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുകയെന്ന് ഇത് സംബന്ധിച്ച് താലൂക്ക് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഓൺലൈനിലൂടെ നേരത്തെ ലഭിച്ച പരാതികളുടെ റിപ്പോർട്ടുകൾ സഹിതം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ എത്തിച്ചേരണം. അന്നേ ദിവസം നേരിട്ട് തരുന്ന പരാതികളും പരിഗണിക്കുമെന്നും അദാലത്ത് സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, തഹസിൽദാർ കെ ശാന്തകുമാരി , പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ടീം , ആമ്പുലൻസ്, എൻഎസ്എസ് വിദ്യാർഥികൾ എന്നിവയുടെ സേവനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനും ആർഡിഒ കൺവീനറും തഹസിൽദാർ കോ-ഓർഡിനേറ്ററുമായി അദാലത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

Please follow and like us: