നികുതി വർധനയിൽ പ്രതിഷേധവുമായി ബിജെപി; പിൻവലിക്കണമെന്ന പ്രമേയവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം ; ചാത്തൻ മാസ്റ്റർ ഹാളിന്റെ താത്കാലിക വാടക നിരക്കുകളായി; പാർക്കിംഗ് വിഷയത്തിൽ ഹാൾ പരാജയമെന്ന് വിമർശനം …

നികുതി വർധനയിൽ പ്രതിഷേധവുമായി ബിജെപി; പിൻവലിക്കണമെന്ന പ്രമേയവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം ; ചാത്തൻ മാസ്റ്റർ ഹാളിന്റെ താത്കാലിക വാടക നിരക്കുകളായി; പാർക്കിംഗ് വിഷയത്തിൽ ഹാൾ പരാജയമെന്ന് വിമർശനം …

ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങളിലെ വസ്തു നികുതി വർധനവിന് എതിരെ നഗരസഭാ യോഗത്തിൽ പ്രതിഷേധവുമായി ബിജെപി . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് യോഗത്തിന് മുമ്പാകെ എത്തിയപ്പോഴാണ് പോസ്റ്ററുകളുമായി എഴുന്നേറ്റ് നിന്ന് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്. നികുതി വർധന പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നികുതി വർധനയ്ക്ക് തങ്ങളും എതിരാണെന്ന് യുഡിഎഫ് നയം വ്യക്തമാക്കിക്കൊണ്ട് വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. എന്നാൽ വർധനവിന്റെ ഗുണം തദ്ദേശസ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നതെന്നും ഭരണ സമിതി അംഗങ്ങളുടെ ഓണറേറിയം അടക്കമുള്ള ചിലവുകൾക്കാണ് വിനിയോഗിക്കുന്നതെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ പറഞ്ഞു. ഇത് സംബന്ധിച്ച് അര മണിക്കൂർ നീണ്ട് നിന്ന വാഗ്വാദങ്ങൾക്കിടയിൽ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെ അംഗീകരിച്ചു.

നേരത്തെ മൂന്നരക്കോടി രൂപ ചിലവിൽ പുനർനിർമ്മിച്ച ചാത്തൻ മാസ്റ്റർ ഹാളിന്റെ രണ്ട് മാസത്തേക്കുള്ള താത്കാലിക വാടക നിരക്കുകൾ യോഗം അംഗീകരിച്ചു. വെള്ളം, വൈദ്യുതി , ശുചീകരണം എന്നിവയ്ക്കായി 5000 രൂപയും വാടകയായി 15000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 5000 രൂപയും നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് അടിസ്ഥാന ചിലവുകൾ ഈടാക്കി ഹാൾ സാജന്യമായി നൽകും . അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും ഇളവുകൾ നൽകും . എന്നാൽ മൂന്നരക്കോടി രൂപ ചിലവഴിച്ച ഹാൾ പാർക്കിംഗ് വിഷയത്തിൽ പരാജയമാണെന്നും അടുക്കള സൗകര്യമില്ലെന്നും പാർക്കിംഗിനായി കൂടതൽ സ്ഥലം ഏറ്റെടുക്കണമെന്നും ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.

തന്റെ വാർഡിലുള്ള മുൻ പഞ്ചായത്ത് മെമ്പർ അടക്കം രണ്ട് പേരെ തെരുവുനായ കടിച്ച വിഷയത്തിൽ ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി എന്നിവടങ്ങളിലെ വെറ്ററിനറി വിഭാഗത്തിൽ നിന്ന് ഇടപെടലുകൾ ഉണ്ടായില്ലെന്ന് എൽഡിഎഫ് അംഗം എ എസ് സഞ്ജയ് യോഗത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ഡോക്ടർമാരെ വിളിച്ച് വരുത്താനും വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. ജസ്റ്റിസ് സിരിജൻ കമ്മിറ്റി ഉത്തരവ് അനുസരിച്ച് നഗരസഭ പരിധിയിൽ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഒടുവിൽ യോഗം തീരുമാനിച്ചു. വിഷയം നേരത്തെ കൗൺസിലിൽ വന്ന ഘട്ടത്തിൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ നഷ്ടപരിഹാരം നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടാണ് ഭരണസമിതി സ്വീകരിച്ചിരുന്നത്.

തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും മാസങ്ങളായി അടഞ്ഞ് കിടക്കുകയും ചെയ്യുന്ന ടേക്ക് എ ബ്രേക്ക് 5,42,000 രൂപക്ക് ഏറ്റെടുത്ത് നടത്താൻ ലഭിച്ച ഓഫർ യോഗം അംഗീകരിച്ചു. നേരത്തെ പത്ത് ലക്ഷം രൂപയാണ് കൗൺസിൽ തീരുമാനിച്ചിരുന്നതെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടനുബന്ധിച്ച് വാട്ടർ ടാങ്കും കുഴൽക്കിണർ സംവിധാനങ്ങളും ഒരുക്കണമെന്ന് വാർഡ് കൗൺസിലർ പി ടി ജോർജ്ജ് ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. അംഗങ്ങളായ എം ആർ ഷാജു, നസീമ കുഞ്ഞുമോൻ ,അൽഫോൺസ തോമസ്, ടി കെ ഷാജു, സ്മിത ക്യഷ്ണകുമാർ ,കെ പ്രവീൺ, സരിത സുഭാഷ്, സതി സുബ്രമണ്യം ,ആർച്ച അനീഷ് , സെക്രട്ടറി മുഹമ്മദ് അനസ്

 

തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: