കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ബാലോത്സവം തുടങ്ങി;ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള മഹത്തരമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു…
ഇരിങ്ങാലക്കുട : ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് മഹത്തരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി ഇകെഎൻ വിദ്യാഭ്യാസഗവേഷണ വികസനകേന്ദ്രത്തിന്റെയും ക്രൈസ്റ്റ് കോളേജിന്റെയും സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിക്കുന്ന വജ്രജൂബിലി ബാലോത്സവം (വിജ്ഞാനക്കൂട് ) ലോക പുസ്തകദിനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന പുസ്തകം ഉൾപ്പെടെയുള്ള പരിഷത്ത് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമാണ് തന്റെ ജീവിത കാഴ്ചപ്പാട് വികസിപ്പിക്കാൻ സഹായിച്ചത് എന്ന് ഡോ. ബിന്ദു പറഞ്ഞു.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.ഡി.സുധ, ക്യാമ്പ് ഡയറക്ടർ ദീപ ആന്റണി, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ , ബാലോത്സവം കമ്മിറ്റി ചെയർമാൻ കെ.വി. ഗണേഷ്, ഇ.എം.വിനീത് എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ പരിഷത്ത് മേഖലകളിലെ 10 മുതൽ 14 വരെ വയസ്സുള്ള 150 കുട്ടികളാണ് ബാലോത്സവത്തിൽ പങ്കെടുക്കുന്നത്.
ഭാഷ, ശാസ്ത്രം, തിയറ്റർ, ആർട്ട് ,
സാങ്കേതികവിദ്യ, ഗണിതം എന്നീ വിഷയങ്ങളിലൂടെയാണ് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് (ബാലോത്സവം ) ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാലോത്സവം ചൊവ്വാഴ്ച സമാപിക്കും.