ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ഏപ്രിൽ 22 ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും; പട്ടികജാതി കുടുംബങ്ങൾക്ക് ഹാൾ സൗജന്യനിരക്കിൽ നല്കുമെന്ന് നഗരസഭ അധികൃതരുടെ പ്രഖ്യാപനം ….
ഇരിങ്ങാലക്കുട : മാപ്രാണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിന്റെ പുനർനിർമ്മാണ പ്രവ്യത്തികൾ പൂർത്തിയായി. പട്ടികജാതി വികസന ഫണ്ടിൽ നിന്നുള്ള മൂന്നരക്കോടി രൂപ ചിലവഴിച്ച് 12000 ചതുശ്ര അടിയിൽ രണ്ട് നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒരേ സമയം 800 പേർക്ക് ഹാളിലെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. വിശാലമായ ഡൈനിംഗ് ഹാളും പാർക്കിംഗ് സൗകര്യങ്ങളും സവിശേഷതകളാണ്.പി കെ ചാത്തൻ മാസ്റ്റർ സ്മൃതി ദിനമായ എപ്രിൽ 22 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും. പട്ടികജാതി വിഭാഗങ്ങൾക്ക് ഹാൾ സൗജന്യ നിരക്കിൽ അനുവദിക്കുമെന്നും ഹാളിലെ ലിഫ്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , വൈസ്- ചെയർമാൻ ടി വി ചാർലി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ , സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ ജിഷ ജോബി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.