കൂടൽമാണിക്യ ക്ഷേത്ര ഉൽസവത്തെ മത- ആചാര അനുഷ്ഠാനങ്ങളിൽ ഒതുക്കി നിറുത്താനാവില്ലെന്ന മന്ത്രി ഡോ ആർ ബിന്ദുവിന്റെ പ്രസ്താവനയ്ക്കതിരെ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടൽ മാണിക്യം ആചാര സംരക്ഷണ സമിതി ; 6 കോടി രൂപ ഉണ്ടായിരുന്ന ദേവസ്വത്തിലെ സ്ഥിര നിക്ഷേപം 90 ലക്ഷമായി ചുരുങ്ങിയെന്നും എഴ് വർഷങ്ങളായി ദേവസ്വത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും വിമർശനം …
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവം മത-ആചാര അനുഷ്ഠാനങ്ങളിൽ ഒതുക്കി നിറുത്താനാവില്ല എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി ശ്രീകൂടൽമാണിക്യം ആചാര സംരക്ഷണ സമിതി. ക്ഷേത്രങ്ങൾ തകർക്കുകയും ക്ഷേത്ര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുക എന്ന സിപിഎം നയമാണ് മന്ത്രിയും ദേവസ്വം ഭരണസമിതി അംഗങ്ങളും നടപ്പിലാക്കുന്നതെന്നും സംരക്ഷണ സമിതി പ്രസിഡണ്ട് വി മോഹൻദാസ് , സെക്രട്ടറി കെ ബി സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ക്ഷേത്രാചാരങ്ങൾ നിരന്തരമായി ലംഘിക്കുന്ന നയമാണ് നിലവിലെ ഭരണ സമിതി തുടരുന്നത്. ഹിന്ദു മത വിശ്വാസിയല്ലാത്ത നർത്തകിയെ കഴിഞ്ഞ വർഷത്തെ ഉൽസവത്തിന്റെ കലാപരിപാടികളിൽ ഉൾപ്പെടുത്തിയതും എതിർപ്പിനെ തുടർന്ന് പിൻവലിച്ചതും അബദ്ധത്തിൽ സംഭവിച്ചതല്ല. ഭൗതികവാദികളായ ചരിത്രകാരൻമാരെ ഉൾപ്പെടുത്തി ചരിത്ര സെമിനാർ നടത്തിയതും ഇതിന്റെ തുടർച്ചയാണ്. മതേതര പ്രവർത്തനങ്ങൾ നടത്താൻ നാട്ടിൽ വേറെ വേദികളുണ്ട്. 2016 ൽ ദേവസ്വത്തിൽ 6 കോടി രൂപ ഉണ്ടായിരുന്ന സ്ഥിര നിക്ഷേപം ഇപ്പോൾ 90 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ എഴ് വർഷമായി ദേവസ്വത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ല എന്ന മറുപടിയാണ് വിവരാവകാശനിയമപ്രകാരം സമിതിക്ക് ലഭിച്ചത്. തന്റെ പ്രസ്താവനയെക്കുറിച്ച് മന്ത്രി വിശദീകരിക്കേണ്ടതുണ്ട്. 26 ന് വൈകീട്ട് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും കിഴക്കേ നടയിലേക്ക് നടത്തുന്ന പ്രതിഷേധനാമജപ ഘോഷയാത്ര ത്യപ്രയാർ കപിലാശ്രമത്തിലെ തേജസ്വരൂപാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. സമിതി ട്രഷറർ വി സായ്റാം, വൈസ് – പ്രസിഡണ്ട് എം വി വിനോദ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.