ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; ഒരുക്കങ്ങൾ വിലയിരുത്തി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും യോഗം; കടുത്ത ചൂടിന്റെ സാഹചര്യത്തിൽ ആനകളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദു…

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; ഒരുക്കങ്ങൾ വിലയിരുത്തി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും യോഗം; കടുത്ത ചൂടിന്റെ സാഹചര്യത്തിൽ ആനകളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : പതിനായിരങ്ങൾ ഒത്തുച്ചേരുന്ന ശ്രീകൂടൽമാണിക്യ ഉൽസവദിനങ്ങളിൽ അധികൃതരും സംഘാടകരും ജാഗ്രത പാലിക്കണമെന്ന് ഉൽസവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗത്തിൽ നിർദ്ദേശം. കടുത്ത ചൂടിന്റെ സാഹചര്യത്തിൽ ആനകളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർദ്ദേശിച്ചു. പതിനഞ്ച് സബ്-കമ്മിറ്റികളിലായി 750 ഓളം പേരാണ് ഉൽസവത്തിന്റെ നടത്തിപ്പിൽ എർപ്പെട്ടിരിക്കുന്നതെന്നും ക്ഷേത്രമതിൽക്കകത്തും പുറത്തുമായി നടക്കുന്ന കലാപാടികൾക്കായി രണ്ടായിരത്തോളം കലാകാരമാരാണ് എത്തിച്ചേരുന്നതെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ വിവരിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണമാണ് യോഗം ചേരുന്നതെന്നും നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ എകോപിപ്പിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും അഡ്മിനിസ്ട്രേറ്റരുടെ ചുമതല കൂടി വഹിക്കുന്ന ആർഡിഒ എം കെ ഷാജി പറഞ്ഞു. ഉൽസവ ദിനങ്ങളിൽ 250 ഓളം പോലീസുകാരുടെ സേവനം ലഭ്യമാക്കുമെന്ന് ഡിവൈഎസ്പി ബാബു കെ തോമസ് യോഗത്തിൽ അറിയിച്ചു. കുട്ടംകുളം മതിലിന്റെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ക്ഷേത്രത്തിൽ വാട്ടർ ഹൈഡന്റ് സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും ഫയർ ഓഫീസർ ഗോപാലകൃഷ്ണൻ മാവില പറഞ്ഞു. ഉൽസവത്തിന് എത്തിച്ചേരുന്ന മുപ്പതോളം ആനകളുടെ ഫിറ്റ്നെസ്സ് മൂന്ന് ദിവസം കൂടുമ്പോൾ പരിശോധിക്കുമെന്നും രണ്ട് മയക്കുവെടി വിദഗ്ധർ ഉൾപ്പെടെ 35 അംഗ സംഘം ഇതിനായി ഉണ്ടാകുമെന്നും ആനകളെ അസ്വസ്ഥരാക്കും വിധമുള്ള ആന പ്രേമികളുടെ ഇടപെടൽ തടയാൻ നടപടികൾ ഉണ്ടാകണമെന്നും വെറ്ററിനറി ഓഫീസർ ഡോ ലത പറഞ്ഞു. പ്രത്യേക മെഡിക്കൽ ടീം ഉൽസവ ദിനങ്ങളിൽ ഉണ്ടാകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ മിനി മോളും ഭക്തജനങ്ങൾക്കായി ഉൽസവദിനങ്ങളിൽ ആവശ്യമെങ്കിൽ പ്രത്യേക സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ സുനിലും അറിയിച്ചു. ഉൽസവത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നും ഉൽസവ ദിനങ്ങളിൽ മൂന്ന് ഷിഫ്റ്റുകളായി 20 ഓളം ജീവനക്കാർ ഉണ്ടാകുമെന്നും ഉൽസവദിനങ്ങളിൽ പ്രവർത്തിക്കുന്ന എക്സിബിഷൻ സ്റ്റാളുകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ദേവസ്വം മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് ആവശ്യപ്പെട്ടു. മേള ആസ്വാദകർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ മദ്യപിച്ച് എത്തുന്നവരെ നിയന്ത്രിക്കാൻ പോലീസ് ശക്തിയായി ഇടപെടണമെന്ന് ദീപാലങ്കാരങ്ങളും പന്തലുകളും സ്പോൺസർ ചെയ്യുന്ന ഐസിഎൽ സിഎംഡി കെ ജി അനിൽകുമാർ ആവശ്യപ്പെട്ടു. പാർക്കിംഗിനായി കൊട്ടിലാക്കൽ, മണി മാളിക പരിസരം, കോടതി പരിസരം, പാട്ടമാളി റോഡ് എന്നിവടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കുട്ടംകുളം റോഡിൽ വഴിയോരക്കച്ചവടക്കാരെ അനുവദിക്കില്ലെന്നും അന്നദാനത്തിനായി കലാനിലയം , ഊട്ടുപ്പുര എന്നീ രണ്ട് ഭക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും ദേവസ്വം അധികൃതർ വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ദേവസ്വം കൺസൽട്ടന്റ് പ്രൊഫ. വി കെ ലക്ഷ്മണൻനായർ , ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ്കുമാർ , എ വി ഷൈൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ജീവനക്കാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Please follow and like us: