ഇരിങ്ങാലക്കുട – ബാംഗ്ലൂർ
കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി; ഗ്രാമവണ്ടിയും മുടങ്ങിയ സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് തുടക്കമായി. കെഎസ്ആർടിസി പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലെ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഗ്രാമ വണ്ടിയും മുടങ്ങി കിടക്കുന്ന മൂന്നാർ, മതിലകം, വെള്ളാനിക്കോട് സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ , സന്ധ്യ നൈസൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ടി വി ലത, കെ എസ് തമ്പി ,വാർഡ് കൗൺസിലർ അമ്പിളി ജയൻ , ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥരായ രാജേഷ്, കെ ജെ സുനിൽ , എജിൻ ബാബു, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സർവീസ് ബുക്ക് ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും.
തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.