വാർഷിക വികസന ഫണ്ട് വിനിയോഗം: ജില്ലയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം …
ഇരിങ്ങാലക്കുട : 2022 -23 വാർഷിക പദ്ധതി വിഹിതം 100 ശതമാനം ഫലപ്രദമായി വിനിയോഗിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ആദരം. ജില്ലാ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിലാണ് ഒന്നാം സ്ഥാനം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണഫലമാണ് വികസന ഫണ്ട് വിനിയോഗത്തിൽ പ്രതിഫലിച്ചതെന്ന് പ്രസിഡന്റ് ലളിത ബാലൻ പറഞ്ഞു.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ 39 ലക്ഷം എസ് സി വിഭാഗത്തിനും 22 ലക്ഷം ജനറൽ വിഭാഗത്തിലും ചെലവഴിക്കാൻ സാധിച്ചു. സ്വയം പര്യാപ്തമായ കാർഷിക ഗ്രാമം എന്ന ലക്ഷ്യത്തോടെ കുടുംബശ്രീകളിലും ജെ എൽ ജി, മറ്റു ഗ്രൂപ്പുകളിലും പച്ചക്കറിത്തൈകൾ വിതരണം ചെയ്യുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു. ഇതിലൂടെ വനിതകളുടെ കാർഷിക അഭിരുചി വർദ്ധിപ്പിക്കുവാൻ സഹായകമായി. നെൽ കർഷകരെ സഹായിക്കാൻ പൊൻകതിർ എന്ന പദ്ധതി ആവിഷ്കരിക്കുകയും നെൽവിത്തിന് സബ്സിഡി നൽകുകയും ചെയ്തു. കർഷകർക്ക് കൈത്താങ്ങായി വിഷരഹിത പച്ചക്കറി പഞ്ചായത്തിൽ എല്ലായിടത്തും എത്തിക്കാൻ സാധിച്ചു. ക്ഷീര മേഖലയിൽ കർഷകർക്ക് സഹായകമാകും വിധം കാലിത്തീറ്റ സബ്സിഡി നൽകുകയും മാതൃകാപരമായ മുന്നേറ്റം ഇക്കാര്യത്തിൽ കൈവരിക്കാൻ സാധിച്ചു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കി. കൂടാതെ വാട്ടർ എ ടി എം
മികച്ച പ്രവർത്തനമായി വിലയിരുത്തപ്പെട്ടു.
പട്ടികജാതി വിഭാഗത്തിൽ 100ശതമാനം ഫണ്ട് ഉപയോഗിക്കുവാൻ പഞ്ചായത്തിന് സാധിച്ചു. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പട്ടികജാതി വാദ്യകലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യുക എന്ന ആശയം ഈ വർഷവും വിജയംകണ്ടു. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം നൽകുവാനും പാലിയേറ്റീവ് മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.
തുടർ പദ്ധതികൾ ആയി പച്ചക്കുട, കാലിത്തീറ്റ, വാട്ടർ എടിഎം എന്നിവയും ക്രിമറ്റോറിയം, ഫിനിഷിംഗ് സ്കൂൾ എന്നിങ്ങനെ പുതിയ ആശയങ്ങളും വ്യത്യസ്തമായ പദ്ധതികളും നടപ്പിലാക്കാൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശവകുപ്പ് അസി. ഡയറക്ടർ എം എച്ച് ഷാജിക് ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ ആദരിച്ചു.