കെ വി രാമനാഥൻ മാസ്റ്റർക്ക് നാടിന്റെ യാത്രാമൊഴി…

കെ വി രാമനാഥൻ മാസ്റ്റർക്ക് നാടിന്റെ യാത്രാമൊഴി…

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർക്ക് നാടിന്റെ യാത്രാമൊഴി. തൃശ്ശൂർ സാഹിത്യ അക്കാദമിയിലും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലും എംജി റോഡിലുള്ള വസതിയിലുമായി പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. സാഹിത്യ അക്കാദമിയിലെ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച നാഷണൽ സ്കൂളിലേക്ക് ഭൗതികശരീരം കൊണ്ട് വന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർമാർ , ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഭരണസമിതി അംഗങ്ങൾ, ഗായകനും രാമനാഥൻ മാസ്റ്ററുടെ ശിഷ്യനുമായ പി ജയചന്ദ്രൻ ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,വിവിധ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു. നാല് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരത്തിന് ശേഷം വൈകീട്ട് ടൗൺ ഹാളിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചനയോഗത്തിൽ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നതമായ സാമൂഹ്യ ബോധത്തിന്റെയും വിശാലമായ മാനവിക കാഴ്ചപ്പാടുകളുടെയും ഉടമയായിരുന്ന രാമനാഥൻ മാസ്റ്റർ ജീവിതാവസാനം വരെ മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ മന്ത്രി വി എസ് സുനിൽകുമാർ , മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ , നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ , ഖാദർ പട്ടേപ്പാടം, കെ ജി മോഹനൻ മാസ്റ്റർ, രമേശൻ നമ്പീശൻ , രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു

Please follow and like us: