കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ;ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ …

കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ;ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ …

ഇരിങ്ങാലക്കുട: കയ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിന്റെ ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയോ എന്നിവരെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കുറ്റക്കാരെന്നു കണ്ടെത്തി. 2019 ഒക്ടോബര്‍ 15 ന് പുലര്‍ച്ചെ ഒരുമണിയോടുകൂടി കയ്പമംഗലം ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ നിന്നും അകമ്പാടത്തുള്ള വീട്ടിലേക്കു പോകുന്ന സമയം രണ്ടാം പ്രതി അന്‍സാര്‍ ഓടിച്ചുകൊണ്ടുവന്ന മോട്ടോര്‍ സൈക്കിള്‍ മനോഹരന്‍ ഓടിച്ചുവന്നിരുന്ന കാറിന്റെ പുറകുവശത്ത് ഇടിച്ച് കാര്‍ നിര്‍ത്തിച്ചതിനു ശേഷം വിവരം തിരക്കാന്‍ പുറത്തിറങ്ങിയ മനോഹരനെ ബലമായി കാറിന്റെ പിന്‍സീറ്റില്‍ പിടിച്ചുകയറ്റി തടങ്കലിലാക്കി. മനോഹരന്റെ വായിലും മൂക്കിലും പാക്കിംഗ് ടേപ്പ് ഒട്ടിച്ച് പ്രതികള്‍ മനോഹരനെയും മനോഹരന്‍ ഓടിച്ചിരുന്ന മാരുതി സിയാസ് കാറും തട്ടിക്കൊണ്ടുപോയി. വഴിയില്‍ വെച്ച് മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മനോഹരന്റെ മൃതശരീരം ഗുരുവായൂരിനടുത്ത് മമ്മിയൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞു. പ്രതികള്‍ കാറ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതാണ് പ്രതികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്. മനോഹരന്റെ മകള്‍ ലക്ഷ്മി മനോഹര്‍ കൊടുത്ത പരാതിയില്‍ കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരവെ ഗുരുവായൂര്‍ പോലീസ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മമ്മിയൂരില്‍ റോഡരികില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയും തുടര്‍ന്ന് മനോഹരന്റെ മൃതശരീരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേസന്വേഷണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേയ്മസ് വര്‍ഗീസ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. 2019 ഒക്ടോബര്‍ 15 ന് വൈകീട്ട് മനോഹരന്‍ ഉപയോഗിച്ചിരുന്ന കാര്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും 2019 ഒക്ടോബര്‍ 16 ന് കയ്പമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ ഫിംഗര്‍ പ്രിന്റ് ഇന്‍സ്‌പെക്ടറുടെയും സയന്റിഫിക് ഓഫീസറുടെയും സഹായത്തോടുകൂടി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് അന്നേ ദിവസം ഇരിങ്ങാലക്കുട ഡിെൈവഎസ്പി ഫെയ്മസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍ പരിസരത്തു നിന്നും പ്രതികളെ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഭിഭാഷകരായ സഈര്‍ അഹമ്മദ് വെള്ളാങ്ങില്‍, എന്‍.യു. ഹരികൃഷ്ണ എന്നിവര്‍ ഹാജരായി. പ്രതികള്‍ക്കുള്ള ശിക്ഷയെ കുറിച്ചുള്ള വാദം ഈ മാസം 17 ന് കേള്‍ക്കും.

Please follow and like us: