ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർ (91 വയസ്സ്) അന്തരിച്ചു …
ഇരിങ്ങാലക്കുട: ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1994 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരവും ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 1932 ൽ ജനിച്ചു. അദ്ധ്യാപകൻ ആയിരുന്നു. അമ്മ കൊച്ചുകുട്ടി അമ്മ. അച്‌ഛൻ മണമ്മൽ ശങ്കരമേനോൻ. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി.സ്‌കൂൾ, ഗവ.ബോയ്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ്, തൃശൂർ ഗവ.ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ ‘87 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും ഹെസ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.
ശങ്കറിന്റെ ‘ചിൽഡ്രൻസ് വേൾഡ്’ തുടങ്ങി പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക് എസ്.പി.സി.എസ്. അവാർഡ് ലഭിച്ചു. കൈരളി ചിൽഡ്രൻസ് ബുക്‌ട്രസ്‌റ്റ് അവാർഡ് നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ് എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത് (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ് ഇതരകൃതികൾ. ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചിട്ടുണ്ട്.
റിട്ട അധ്യാപിക കെ കെ രാധയാണ് ഭാര്യ.സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവും കലാനിരൂപകയുമായ രേണു രാമനാഥ് , ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഇന്ദുകല എന്നിവർ മക്കളും പരേതനായ ചിത്രകലാകാരൻ രാജൻ , കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം അഡ്വ അജയ്കുമാർ എന്നിവർ മക്കളുമാണ്.