പോത്തിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി; കരുവന്നൂർ പുത്തൻതോട് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന താത്കാലിക വില്പന കേന്ദ്രത്തിന് പൂട്ടിട്ട് നഗരസഭ …
ഇരിങ്ങാലക്കുട : പോത്തിറച്ചിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട പുത്തൻതോടുള്ള താത്കാലിക പോത്തിറച്ചി വില്പന കേന്ദ്രം നഗരസഭാ അധികൃതരുടെ നേത്യത്വത്തിൽ അടപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. പുത്തൻതോട് സ്വദേശി ഉണ്ണി വാങ്ങിയ ഇറച്ചിയിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ പ്രവീൺ എന്നിവരെ വിവരമറിയിക്കുകയായിരുന്നു. വാർഡ് മെമ്പർമാർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി വില്പനയും കടയുടെ പ്രവർത്തനവും നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. നിയമ വിരുദ്ധമായിട്ടാണ് ഇറച്ചി വില്പന കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. പതിനഞ്ച് കിലോയോളം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. എന്നാൽ രാവിലെ 6 മണി മുതൽ വില്പന ആരംഭിച്ചിരുന്നതായും നൂറ് കിലോയിൽ അധികം വില്പന നടത്തിയിട്ടുണ്ടാകുമെന്നും നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ഏതാനും നാളുകളായി വില്പന കേന്ദ്രം ഇവിടെ നിയമ വിരുദ്ധമായി പ്രവർത്തിച്ച് വരികയായിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു.