ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മാത്രമേയുള്ളുവെന്ന് രാജ്യത്തെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ …
ഇരിങ്ങാലക്കുട : ജനാധിപത്യത്തിനും ഭരണകൂട അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മാത്രമേയുള്ളൂവെന്ന് ഇന്ത്യയിലെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ . ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദേശീയ സമരത്തിന്റെ പാരമ്പര്യം പേറുന്ന രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ നിശ്ശബ്ദത പാലിച്ചാൽ ഫാസിസം നിങ്ങൾക്ക് എതിരെ തിരിയുമ്പോൾ ആരും ചോദ്യം ചെയ്യാൻ ഉണ്ടാകില്ലെന്നും മോദി ഭരണത്തെ നിശിതമായി വിമർശിച്ച് കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. തന്റെ കോളാർ പ്രസംഗത്തിലൂടെ നീരവ് മോദി , ലളിത് മോദി എന്നീ കാട്ടു കള്ളൻമാരെയാണ് രാഹുൽ വിമർശിച്ചത്. ചോദ്യങ്ങൾ ചോദിക്കാൻ ആരെയും ഭയക്കേണ്ടതില്ലെന്ന നിലപാട് ജീവിതത്തിലൂടെ രാഹുൽ ഗാന്ധി തെളിയിച്ച് കഴിഞ്ഞു. അദാനിയുമായി ഭരണകൂടത്തിനുള്ള ബന്ധങ്ങളും അദാനി നേടിയെടുക്കുന്ന രാജ്യാന്തര കരാറുകളും ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി മാത്രമാണ് ആർജ്ജവം കാണിച്ചതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഒരു ലിറ്റർ പെട്രോളിന് രാജ്യത്ത് ഏറ്റവും കൂടുതൽ വില നല്കേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും യൂത്ത് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. വേതനമില്ലാതെ 41 ദിവസങ്ങൾ പണിയെടുക്കേണ്ടി വരുന്നതിനെതിരെ പ്രതീകാത്മകമായി പ്രതികരിച്ച ജീവനക്കാരിയെ സ്ഥലം മാറ്റിയ ധാർഷ്ട്യത്തിന് കേരള ജനത അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി നല്കും . അന്ധമായ കോൺഗ്രസ്സ് വിരോധം നിറച്ച് കൊണ്ടുള്ള ഗോവിന്ദൻ മാസ്റ്ററുടെ ജാഥ കോമഡി ജാഥയായി മാറി. കരുവന്നൂർ കൊളളയ്ക്ക് എതിരെ പ്രതികരിച്ച നാടാണ് ഇരിങ്ങാലക്കുടയെന്നും ഷാഫി പറമ്പിൽ എം എൽഎ പറഞ്ഞു.
ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ ജനീഷ് , സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , യൂത്ത് കോൺഗ്രസ് ജില്ലാ , മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.