150-ാം പിറന്നാൾ ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട ഗവ . മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ; സ്കൂളിനെ വീണ്ടും ” മോഡൽ ” ആക്കാൻ ജാഗ്രതയോട് കൂടിയുള്ള ഇടപെടലുകൾ ആവശ്യപ്പെട്ട് മന്ത്രി ഡോ ബിന്ദു…
ഇരിങ്ങാലക്കുട : ” മോഡൽ’ വിദ്യാലയമായിരുന്ന ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ വീണ്ടും ” മോഡൽ’ ആക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ജാഗ്രതയോട് കൂടിയുള്ള ഇടപെടലുകൾ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സമ്പന്നമായ ചരിത്രം ഏറെ അവകാശപ്പെടാനുള്ള സ്കൂളിന്റെ 150-ാം പിറന്നാൾ ആഘോഷ ചടങ്ങായിരുന്നു വേദി. ചുറ്റുമതിലിന്റെയും മികച്ച ലാബുകളുടെയും കെട്ടിടങ്ങളുടെയും അഭാവം സ്കൂൾ അധികൃതർ തന്നെ ഓർമ്മിപ്പിച്ച് കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തുടരുന്ന സന്ദർഭമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളിന്റെ പൂർവകാല യശസ്സ് തിരിച്ച് പിടിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അക്കാദമിക് ഗുണ വർധനവ് ഉറപ്പാക്കാൻ കഴിയണം. ഇക്കാര്യത്തിൽ നഗരസഭ അധികൃതർക്കും ജനപ്രതിനിധികൾക്കും ഉത്തരവാദിത്വമുണ്ട്. ക്ലാസ്സ് മുറികൾ സ്മാർട്ട് ആക്കാൻ കഴിയണം. ഹൈസ്കൂളിനായി ഒരു കോടി രൂപയുടെ കെട്ടിടനിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ജൂബിലി സ്മാരകമായി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് മന്ത്രി നല്കി.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , മുൻചെയർമാൻ എം പി ജാക്സൻ , പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹികൾ, പ്രധാനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.