ചലച്ചിത്ര ജീവിതത്തില്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും …
ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും . ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കെ സെമിത്തേരിയിലെ കല്ലറയിലാണ് പ്രിയപ്പെട്ട നടനെ അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച് വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍ ഏറെ കഥാപാത്രങ്ങളാണ് കല്ലറയില്‍ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയുമാണ് ഈ ആശയം. ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠനേടിയ കഥാപാത്രങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്ന കല്ലറയിലുമുണ്ട് എന്നതാണ് ഈ കല്ലറയെ ഏറ്റവും മനോഹരമാക്കുന്നത്. കാബൂളിവാല, രാവണപ്രഭൂ, ദേവാസുരം, മിഥുനം, വിയറ്റിനാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടന്‍, കല്ല്യാണരാമന്‍, ആറാംതമ്പുരാന്‍, ഫാന്റംപൈലി, നമ്പര്‍ 20 മദ്രാസ് മെയില്‍, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരേ, ഇന്ത്യന്‍ പ്രണയകഥ, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവില്‍ കാവടി, സന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍, പാപ്പീ അപ്പച്ചാ തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പഴയ ഫിലിം റീലിന്റെ മാതൃകയിലുള്ള കല്ലറയില്‍ സിനിമയുമായുള്ള ഓര്‍മകള്‍ നിലക്കൊള്ളുന്നു. ഇന്നസെന്റിന്റെ കല്ലറ കാണാനും പ്രണാമം അര്‍പ്പിക്കാനും നിരവധിപേരാണ് എത്തുന്നത്. ഇന്നസെന്റിന്റെ ഏഴാം ഓര്‍മദിനമായിരുന്നു ഇന്ന് . അടുത്തകുടുബാംഗങ്ങളും ബന്ധുക്കളും മാത്രമാണ് ഏഴാം ഓര്‍മ്മദിനത്തില്‍ പങ്കെടുത്തത്.