ജനൽ വഴി മോഷണം;കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ; നൂറ്റിമുപ്പത്തിയാറോളം മോഷണക്കേസുകളിലെ പ്രതി വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷം …

ജനൽ വഴി മോഷണം;കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ;
നൂറ്റിമുപ്പത്തിയാറോളം മോഷണക്കേസുകളിലെ പ്രതി വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷം …

ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്റേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം മോഷ്ടാവിനെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടിൽ പരുന്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ് (56 വയസ്) ആണ് പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ്റിമുപ്പത്താറിൽപരം മോഷണകേസുകളിൽ പ്രതിയായ ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പരുന്തിനെപ്പോലെ നിമിഷാര്‍ദ്ധത്തില്‍ മോഷണം നടത്താന്‍ വിരുതനായ ഫ്രാൻസിസ് പിടിക്കപ്പെടുമെന്ന് കണ്ടാൽ ഓടി രക്ഷപെടാൻ ശ്രമിക്കും. അതിസമര്‍ത്ഥനായ ഓട്ടക്കാരനായതിനാലാണ് കാൾലൂയീസ് പ്രാഞ്ചി എന്ന വിളിപ്പേര് വീണത്. ഉഷ്ണകാലങ്ങളില്‍ ജനല്‍ തുറന്നിട്ട് ജനലിനരികില്‍ കിടന്നുറങ്ങുന്നുറങ്ങന്നവരെ നിരീക്ഷിച്ച് ജനലിലൂടെ ആഭരണങ്ങൾ കവരുന്നതിൽ വിരുതനാണിയാൾ.

ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന രീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ചുമുള്ള അന്വേഷണമാണ് സംശയത്തിന്റെ മുന ഫ്രാൻസിസിലേക്കെത്താൻ കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് ധാരാളം പണം ധൂർത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്രാൻസിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണങ്ങൾ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയിൽ വില്‍പ്പന നടത്തിയതായും ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, എസ്.ഐ ഷബീബ് റഹ്മാൻ , ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , സുരേഷ് ബാബു, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ ബിനു, ഷിജോ തോമസ്, ഷാജു കട്ടപ്പുറം എന്നിവരടങ്ങിയ സംഘമാണ് ഫ്രാൻസിസിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്,

എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാൻസിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി പതിനാല് വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം കമ്മളം സ്വദേശി സുനാമി ജെയ്സൺ എന്നറിയപ്പെടുന്ന ചേര്യേക്കര ജെയ്സണാണ് മോഷണത്തിന്റെ ആരംഭ കാലങ്ങളിൽ ഇയാളുടെ പങ്കാളി ആയിരുന്നത്. പിന്നീട് വഴി പിരിഞ്ഞ ഇരുവരും മോഷണം തുടർന്നുവരികയായിരുന്നു. സുനാമി ജയ്സൺ അടുത്തയിടെ മറ്റൊരു മോഷണ കേസിൽ ജയിലിലാണ്.

പാലക്കാട് ജയിലിൽ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടു നിന്ന ഫ്രാൻസിസിനെ പോലീസുകാരും അഭ്യുദയകാംക്ഷികളും ചേർന്ന് സഹായിച്ച് ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു. ഇടക്കാലം കൊണ്ട് ചീട്ടുകളിയിൽ ഏർപ്പെടുകയും ധാരാളം പണം ചീട്ടുകളിയിൽ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ വീണ്ടും മോഷണത്തിലേയ്ക്ക് തിരിഞ്ഞത്.തുടർനടപടികൾക്കായിഫ്രാൻസിസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.

Please follow and like us: