മഹാ നടന് സാംസ്കാരിക കേരളത്തിന്റെ വിട; മലയാളിയുടെ സർഗ്ഗ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് ഓർമ്മകളിലേക്ക് ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം …

മഹാ നടന് സാംസ്കാരിക കേരളത്തിന്റെ വിട; മലയാളിയുടെ സർഗ്ഗ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് ഓർമ്മകളിലേക്ക് ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം …

 

ഇരിങ്ങാലക്കുട : മഹാനടന് വിട . ചിരി കൊണ്ടും ചിന്തകൾ കൊണ്ടും മലയാളിയുടെ സർഗ്ഗ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് ഇനി ഓർമ്മകളിലേക്ക് . ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കരിച്ചപ്പോൾ ഈറനണിഞ്ഞ ഓർമ്മകളോടെ ആയിരങ്ങൾ സംസ്കാര ചടങ്ങുകളിലും പങ്കാളികളായി. ഞായറാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ഇന്നസെന്റിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ടൗൺ ഹാളിലും വസതിയിലുമായി ഒഴുകിയെത്തിയത്. രാവിലെ പത്ത് മണിയോടെ വിലാപയാത്രയായിട്ടാണ് വസതിയിൽ നിന്ന് ഭൗതികദേഹം സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചത്. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ , ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. മന്ത്രിമാരായ കെ രാജൻ, വി എൻ വാസവൻ, ഡോ ആർ ബിന്ദു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ , ചലച്ചിത്ര മേഖലയിൽ നിന്ന് സത്യൻ അന്തിക്കാട്, ദിലീപ്, കാവ്യ മാധവൻ, ദേവൻ, ഇടവേള ബാബു,കോട്ടയം നസീർ , സിദാർത്ഥ് ഭരതൻ , ബിന്ദു പണിക്കർ തുടങ്ങിയ ഒട്ടേറെ പേർ അന്ത്യ കർമ്മങ്ങൾക്ക് സാക്ഷികളായി.

തുടർന്ന് ടൗൺ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. നാടിന്റെ പര്യായപദമായി മാറിയ മനുഷ്യനായിരുന്നു ഇന്നസെന്റ് എന്നും നൈസർഗികമായ അഭിനയ ചാതുരി കൊണ്ട് തന്റേതായ സിംഹാസനം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.2014 ലെ ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യു പി ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജീവിതത്തിന്റെ ആഴങ്ങളെ സ്പർശിച്ച ഹാസ്യ കലാകാരനും വികസനത്തിന് പുതിയ അർതതലങ്ങൾ പകർന്ന പാർലമെന്റ് അംഗവുമായിരുന്നു ഇന്നസെന്റ് എന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. റവന്യൂ മന്ത്രി കെ രാജൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഇമാം കബീർ മൗലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മുൻ എം എൽ എ മാരായ പ്രൊഫ കെ യു അരുണൻ , അഡ്വ തോമസ് ഉണ്ണിയാടൻ, എം പി വിൻസെന്റ്, നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം എം വർഗ്ഗീസ്, ജോസ് വള്ളൂർ, കെ കെ വൽസരാജ്, എം പി ജാക്സൻ , ജോസഫ് ടാജറ്റ്, യൂജിൻ മൊറേലി, പി ആർ എൻ നമ്പീശൻ ,പി എം എലിയാസ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ,കാർത്തികേയൻ, എ വി വല്ലഭൻ ,കെ എ റിയാസുദ്ദീൻ, ക്യപേഷ് ചെമ്മണ്ട, ജോഷി കുരിയാക്കോസ്, ടി വി ചാർലി, സംവിധായകൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: