ചിരിയുടെ പുതിയ ഭാഷ സ്യഷ്ടിച്ച നടന് ജന്മനാടിന്റെ വികാരഭരിതമായ യാത്രാമൊഴി ; സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 ന് സെന്റ് തോമസ് കത്തീഡ്രലിൽ …

ചിരിയുടെ പുതിയ ഭാഷ സ്യഷ്ടിച്ച നടന് ജന്മനാടിന്റെ വികാരഭരിതമായ യാത്രാമൊഴി ; സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 ന് സെന്റ് തോമസ് കത്തീഡ്രലിൽ …

ഇരിങ്ങാലക്കുട : ചിരിയുടെ പുതിയ ഭാഷ സ്യഷ്ടിച്ച നടന് ജന്മനാടിന്റെ വികാരഭരിതമായ യാത്രമൊഴി. ഒരു മണിയോടെ തന്നെ പ്രിയപ്പെട്ട നടനെ ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ നേരാനും ആളുകൾ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തി തുടങ്ങിയിരുന്നു. രണ്ട് മണിയോടെയാണ് ഭൗതിക ശരീരം ടൗൺ ഹാളിൽ എത്തിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു, സനീഷ് കുമാർ എംഎൽഎ , നടൻമാരായ ദിലീപ്, ജോജു ജോർജ് , സിദിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മൂന്നരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺ ഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി എം ബി രാജേഷ്, എംഎൽഎ മാരായ കെ രാധാക്യഷ്ണൻ , ഇ ടി ടൈസൻ മാസ്റ്റർ, കെ കെ രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഡേവിസ് മാസ്റ്റർ, മുൻ മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ സി രവീന്ദ്രനാഥ് , വി എസ് സുനിൽകുമാർ , മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, ജില്ലാ കളക്ടർ കൃഷ്ണ തേജ , രാഷ്ട്രീയ നേതാക്കളായ എ വിജയരാഘവൻ ,പി കെ ശ്രീമതി ടീച്ചർ,ജോണി നെല്ലൂർ, എം എം വർഗ്ഗീസ്, ജോസ് വള്ളൂർ, എ നാഗേഷ്, യു പി ജോസഫ് , കെ വി അബ്ദുൽഖാദർ, ടൗൺ ബാങ്ക് ചെയർമാൻ എം പി ജാക്സൻ , കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ , സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദൻ , എഴുത്തുകാരൻ അശോകൻ ചരുവിൽ, ജയരാജ് വാര്യർ , രാവുണ്ണി, ചലച്ചിത്രമേഖലയിൽ നിന്ന് മോഹൻ ,സത്യൻ അന്തിക്കാട്, പ്രിയദർശൻ , ബിജു മേനോൻ ,ടൊവിനോ തോമസ്, രചന നാരായണൻകുട്ടി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരിൽ ഉൾപ്പെടുന്നു. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കുടുംബാംഗങ്ങളും ഭൗതികശരീരത്തിന് അടുത്ത് ഉണ്ടായിരുന്നു.മിനി ടൗൺ ഹാളിലൂടെയാണ് പൊതുജനങ്ങളെ ടൗൺ ഹാളിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും മെയിൻ ഹാളിന്റെ മറ്റ് കവാടങ്ങളിലൂടെ ആളുകൾ കയറാൻ ശ്രമിച്ചപ്പോൾ നിയന്ത്രിക്കാൻ പോലീസും വളണ്ടിയർമാരും ബുദ്ധിമുട്ടി. ഒരു ഘട്ടത്തിൽ പൊതുദർശനത്തിനായുള്ള വരി ബസ് സ്റ്റാന്റ് വരെ നീണ്ടു. അഞ്ച് മണിയോടെ ഭൗതിക ശരീരം നടന്റെ വസതിയായ പാർപ്പിടത്തിലേക്ക് കൊണ്ട് പോകുമ്പോഴും ആളുകൾ ടൗൺ ഹാളിലേക്ക് എത്തികൊണ്ടിരുന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ്- ചെയർമാൻ ടി വി ചാർലി, കൗൺസിലർമാർ , സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, വി എ മനോജ്കുമാർ , കെ സി പ്രേമരാജൻ , ടി ജി ശങ്കരനാരായണൻ , ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ, ഡിവൈഎസ്പി ബാബു കെ തോമസ്, സി ഐ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു. നാളെ രാവിലെ പത്ത് മണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകൾ നടക്കും. നടനോടുള്ള ആദര സൂചകമായി സംസ്കാരസമയമായ 11 മണി വരെ പട്ടണത്തിന്റെ കടകൾ അടച്ചിടുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

Please follow and like us: