ചിരി കൊണ്ട് ജീവിതത്തെ നേരിട്ട നടനുമായുളള അരനൂറ്റാണ്ട് കാലത്തെ ബന്ധം ഓർമ്മിച്ചെടുത്ത് മുൻ എം പി സാവിത്രി ലക്ഷ്മണൻ; ഇരുവരും ഒരേ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇരിങ്ങാലക്കുട സ്വദേശികൾ …
ഇരിങ്ങാലക്കുട : വിട പറഞ്ഞ നടനുമായുള്ള അര നൂറ്റാണ്ട് കാലത്തെ ബന്ധം ഓർത്തെടുത്ത് മുൻ എംപി പ്രൊഫ സാവിത്രി ലക്ഷ്മണൻ . മുകുന്ദപുരം പാർലമെന്റ് മണ്ഡലം പിന്നീട് ചാലക്കുടി മണ്ഡലമായി സാങ്കേതികമായി രൂപം മാറിയെങ്കിലും മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ട് ഇരിങ്ങാലക്കുട സ്വദേശികളുടെ പട്ടികയിലാണ് പ്രൊഫ. സാവിത്രി ലക്ഷ്മണനും ഇന്നസെന്റും . 1989 മുതൽ 96 വരെ പഴയ മുകുന്ദപുരം മണ്ഡലത്തിന്റെ സാരഥിയായി പ്രൊഫ സാവിത്രി ലക്ഷ്മണൻ ഇന്ദ്രപ്രസ്ഥത്തിൽ എത്തിയപ്പോൾ, ഇടതുപക്ഷ സ്ഥാനാർഥിയായി 2014 ൽ ചാലക്കുടിയായി പരിണമിച്ച മണ്ഡലത്തിൽ നിന്ന് ഇന്നസെന്റ് ജയിച്ച് കയറി. 1973 ൽ ഇരിങ്ങാലക്കുടയിൽ സ്ഥിര താമസമാക്കിയ അന്ന് മുതലുള്ള അടുപ്പമാണ് ഇന്നസെന്റുമായിട്ടുള്ളതെന്ന് പ്രൊഫ. സാവിത്രി ലക്ഷ്മണൻ പറയുന്നു. നടനെ ചലച്ചിത്ര ലോകത്തിലേക്ക് നയിച്ച സംവിധായകൻ മോഹന്റെ മാതാവ് അമ്മുക്കുട്ടിയമ്മ കരയോഗത്തിന്റെ വനിതാ സമാജത്തിന്റെ ഭാരവാഹികളിൽ ഒരാളായിരുന്നു. നഗരസഭയുടെ പഴയ ആറാം വാർഡിൽ നിന്ന് അവർ മൽസരിച്ചിട്ടുണ്ട്. പിന്നീട് ഇന്നസെന്റിന്റെ മകൻ സോണറ്റും തന്റെ മകൾ അപർണയും ഡോൺ ബോസ്കോയിൽ ഒരുമിച്ച് പഠിക്കുകയും സ്കൂൾ വാർഷിക പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നസെന്റിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്താനും അന്ന് മുതൽ കഴിഞ്ഞിട്ടുണ്ട്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലുമായി നടന്ന ഒട്ടേറെ പരിപാടികളിൽ പിന്നീട് ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേത്യത്വത്തിൽ നടത്തിയ വർണ്ണക്കുട പരിപാടിയുടെ ആലോചനാ യോഗത്തിലാണ് ഒരുമിച്ച് അവസാനമായി പങ്കെടുത്തതെന്നും പ്രൊഫ. സാവിത്രി ലക്ഷ്മണൻ പറയുന്നു.