അരങ്ങൊഴിഞ്ഞ നടന് അന്ത്യ യാത്ര നേരാനുളള ഒരുക്കങ്ങളിൽ ജന്മനാട് ; പൊതു ദർശനത്തിനായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു …
ഇരിങ്ങാലക്കുട : അരങ്ങൊഴിഞ്ഞ നടനും മുൻ എംപി യുമായ ഇന്നസെന്റിന് അന്ത്യയാത്ര നേരാനുള്ള ഒരുക്കങ്ങളിൽ ജന്മനാട് . എറണാകുളം കടവന്ത്രയിലെ പൊതു ദർശനത്തിന് ശേഷം ഒരു മണിയോടെ ഭൗതികശരീരം ഇരിങ്ങാലക്കുടയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മണി മുതൽ നാലര വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് പൊതു ദർശനത്തിന് വയ്ക്കുന്നത്. ഇതിനായയുള്ള ഒരുക്കങ്ങൾ ധ്യത ഗതിയിൽ ടൗൺ ഹാളിൽ പുരോഗമിക്കുകയാണ്. ടൗൺ ഹാളിനോട് ചേർന്നുള്ള മിനി ഹാളിലൂടെയാണ് പൊതുജനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുക. ആദരാഞ്ജലികൾ നേർന്ന ശേഷം ടൗൺ ഹാളിന്റെ പടിഞ്ഞാറെ ഭാഗത്ത് കൂടി പുറത്തേക്ക് കടക്കാവുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഭൗതികശരീരത്തിന്റെ കിഴക്കേ ഭാഗത്ത് മാധ്യമങ്ങൾക്കും പടിഞ്ഞാറെ ഭാഗത്ത് പ്രമുഖർക്ക് ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നത്. ടൗൺ ഹാൾ അങ്കണത്തിൽ ദൃശ്യങ്ങൾ തൽസമയം കാണാനുളള ഒരുക്കങ്ങളും ചെയ്യുന്നുണ്ട്. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് – ചെയർമാൻ ടി വി ചാർലി, സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, വി എ മനോജ്കുമാർ ,കെ പി ജോർജ്ജ് എന്നിവർ ഒരുക്കങ്ങൾക്ക് നേത്യത്വം നല്കി കൊണ്ട് സ്ഥലത്തുണ്ട്. വൈകീട്ട് മുഖ്യമന്ത്രി ടൗൺ ഹാളിൽ എത്തിച്ചേരുമെന്ന സൂചനയാണ് ലഭിക്കുന്നത്. വൈകീട്ട് അഞ്ച് മണിയോടെ സ്വവസതിയിലേക്ക് പൊതുദർശനത്തിനായി കൊണ്ട് പോകും നാളെ രാവിലെ 10 ന് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകൾ നടക്കും.